Site iconSite icon Janayugom Online

പഹല്‍ഗാം ഭീകരാക്രമണം;കലാപം സൃഷ്ടിക്കാന്‍ ശ്രമം

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ ഹിന്ദുത്വ സംഘടനകളുടെ തീവ്രശ്രമം. നേരത്തെ ഉത്തരാഖണ്ഡിലടക്കം കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കുന്നതിനുള്ള ഹിന്ദുത്വ ശ്രമങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ജയ്‌പൂരിലെ ജാമിയ മസ്ജിദിന് പുറത്ത് മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ബിജെപി എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഹവാ എംഎല്‍എയായ ബാല്‍മുകുന്ദ് ആചാര്യക്കെതിരെയാണ് നടപടി. വെള്ളിയാഴ്ച രാത്രിയോടെയാണ് എംഎല്‍എയും കൂട്ടരും പള്ളിക്ക് പുറത്ത് സംഘടിച്ച് മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തത്. ഇതിനുപിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ജയ്‌പൂര്‍ കമ്മിഷണര്‍ ബിജു ജോര്‍ജും കോണ്‍ഗ്രസ് എംഎല്‍എമാരും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പള്ളിക്ക് സമീപം പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ബാല്‍മുകുന്ദ് പള്ളിയില്‍ ചെരുപ്പിട്ട് കയറിയതായും ചുവരുകള്‍ പോസ്റ്ററുകള്‍ പതിച്ച് വൃത്തികേടാക്കിയതായും കോണ്‍ഗ്രസ് എംഎല്‍എ റാഫീഖ് ഖാന്‍ ആരോപിച്ചു. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു ബാല്‍മുകുന്ദിന്റെ ലക്ഷ്യമെന്നും ഖാന്‍ പറഞ്ഞു.

കര്‍ണാടകയിലെ കലബുര്‍ഗിയില്‍ റോഡില്‍ പാകിസ്ഥാന്‍ പതാകകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗത് സര്‍ക്കിള്‍, സാത് ഗുംബാദ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് റോഡില്‍ പാകിസ്ഥാന്റെ പതാക പതിച്ചിരുന്നത്. ഇന്നലെ രാവിലെ സംഭവം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ പൊലീസ് ആറ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നതിനാണ് ശ്രമം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ രംഗത്തെത്തി. കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവരുടെ മതം ചോദിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം വാങ്ങിയാല്‍ മതിയെന്നാണ് നിതേഷ് റാണയുടെ പരാമര്‍ശം. ഹിന്ദുക്കളാണോ എന്നറിയാന്‍ അവരെക്കൊണ്ട് ഹനുമാന്‍ ചാലിസ ചൊല്ലിക്കുക, അല്ലാത്തവരില്‍ നിന്നും ഒന്നും വാങ്ങിക്കരുതെന്നാണ് നിതേഷ് റാണെയുടെ പരാമര്‍ശം. റാണെയുടെ പരാമര്‍ശങ്ങള്‍ നേരത്തെയും വിവാദമായിട്ടുണ്ട്. കേരളത്തെ ‘മിനി-പാകിസ്ഥാന്‍’ എന്ന് വിളിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Exit mobile version