Site iconSite icon Janayugom Online

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷം യുദ്ധസമാന സാഹചര്യത്തില്‍

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യാ-പാക് സംഘര്‍ഷം യുദ്ധസമാന സാഹചര്യത്തിലേക്ക്. അതിര്‍ത്തിയിലെ സാഹചര്യം സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച നടത്തി.45 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ചയിൽ ദേശീയ സുരക്ഷാഉപദേഷ്ടാവ്‌ അജിത് ഡോവലും പങ്കെടുത്തു. ഇന്ത്യൻ സേനയുടെ തയ്യാറെടുപ്പുകൾ യോഗത്തിൽ വിലയിരുത്തി. പാർലമെന്റിന്റെ പ്രതിരോധകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയും ഇന്നലെ യോഗം ചേർന്ന്‌ പഹൽഗാം ആക്രമണത്തിന്‌ ശേഷമുള്ള സ്ഥിതി വിലയിരുത്തി. 

ഫ്രാൻസിൽ നിന്നും 63,000 കോടി മുടക്കി നാവികസേനയ്‌ക്ക്‌ 26 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടു. അതിർത്തി ​ഗ്രാമങ്ങളിൽ ബങ്കറുകളിൽ കഴിയുന്നതിനുള്ള തയാറെടുപ്പുകൾ സജ്ജമാക്കിയിരുക്കുകയാണ് ജനങ്ങൾ. ഷെല്ലിങുണ്ടായാൽ സുരക്ഷിതരാകാനാണ് ​ഗ്രാമങ്ങളിൽ സിവിലിയൻ ബങ്കറുകൾ സജ്ജമാക്കിയിരിക്കുന്നത്. ദിവസങ്ങളോളം ബങ്കറുകൾക്കുള്ളിൽ കഴിയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജനങ്ങൾ പറയുന്നു. 2017ലെ സർജിക്കൽ സ്ട്രൈക്കിന് ശേഷമാണ് അതിർത്തി ​ഗ്രാമങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി സർക്കാർ തലത്തിൽ ബങ്കറുകൾ നിർമ്മിച്ചത്. കമ്യൂണിറ്റിക്കായും വ്യക്തികൾക്കായും രണ്ടുതരത്തിലുള്ള ബങ്കറുകളാണുള്ളത്. 

മോർച്ച എന്നാണ് ​ഗ്രാമവാസികൾ ബങ്കറുകളെ വിശേഷിപ്പിക്കുന്നത്.ഇന്ത്യന്‍ സൈനിക നടപടി ആസന്നമാണെന്നും നിലനില്‍പ്പിന് നേരിട്ടു ഭീഷണി ഉണ്ടായാല്‍ ആണവായുധം പ്രയോ​ഗിക്കേണ്ടിവരുമെന്നും അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണി മുഴക്കി. യുദ്ധസാഹചര്യത്തില്‍ ചെയ്യാറുള്ള വ്യോമ പട്രോളിംഗ് പാകിസ്ഥാന്‍ ആരംഭിച്ചു. പാകിസ്ഥാൻ വ്യോമസേന പെൻസി, സ്കാർഡു, സ്വാത് എന്നിവയുൾപ്പെടെ പ്രധാന താവളങ്ങൾ സജീവമാക്കി. എഫ്-16, ജെ-10, ജെഎഫ്-17 യുദ്ധവിമാനങ്ങൾ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ജമ്മുകശ്‌മീരിലെ നിയന്ത്രണരേഖയോട്‌ ചേർന്നുള്ള പൂഞ്ച്‌, കുപ്‌വാര മേലകളിൽ തുടർച്ചയായ നാലാം ദിവസവും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടി നൽകി. ആർക്കും പരിക്കില്ല.

അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നടപടികള്‍ക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണനേടാന്‍ ഇന്ത്യ ശ്രമിക്കവെ, പാകിസ്ഥാനും വിദേശസഹായം തേടാനുള്ള തീവ്രശ്രമത്തിലാണ്‌. യുദ്ധസാമഗ്രികളുമായി തുര്‍ക്കിയയുടെ ഏഴ് സൈനിക വിമാനം പാകിസ്ഥാനിലെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിദേശ നിരീക്ഷണത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണച്ച് ചൈന രം​ഗത്ത് എത്തി. സ്ഥിതി​ഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്നും ചൈനയുടെ വിദേശ മന്ത്രി വാങ് യി പറഞ്ഞതായി ചില വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

പഹൽഗാം ആക്രമണത്തെ തുടർന്ന്‌ മതസ്‌പർധ സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണാജനകവുമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്‌ത 16 പാക് യൂട്യൂബ്‌ ചാനലുകൾ ആഭ്യന്തരമന്ത്രാലയം വിലക്കി. ആക്രമണത്തെ കുറിച്ചുള്ള ബിബിസി റിപ്പോർട്ടുകളോടും കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ്‌ അറിയിച്ചു. ബിബിസി ഇന്ത്യാ ഹെഡ്‌ ജാക്കി മാർട്ടിനെയാണ്‌ ഇന്ത്യ പ്രതിഷേധം അറിയിച്ചത്‌. തിങ്കളാഴ്‌ചയും നിരവധി പേർ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിലൂടെ രാജ്യം വിട്ടു. 

Exit mobile version