Site iconSite icon Janayugom Online

പഹല്‍ഗാംഭീകരാക്രമണം: സൗത്ത് കശ്മീരില്‍ മൂന്നു ഭീകരര്‍ക്കായി ലൂക്ക് ഔട്ട് നോട്ടീസ്

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത്കശ്മീരില്‍ മൂന്നു ഭീകരര്‍ക്കായി ലൂക്ക് ഔട്ട്നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകര്‍ക്കായുള്ള അന്വേഷണവും തിരച്ചിലും ഊര്‍ജ്ജിതമായി നടക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സിയും ജമ്മുകശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരരെ കണ്ടെത്തുന്നതിനായി നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പകർത്തിയ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിലോ ഭീകരരെ തിരിച്ചറിയുന്ന തരത്തിലുള്ള ഫോട്ടോകൾ ഉണ്ടെങ്കിലോ അത് അടിയന്തിരമായി തങ്ങൾക്ക് നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് എൻഐഎ ഒരു വാട്സാപ്പ് നമ്പറും മെയിൽ ഐഡിയും പുറത്തുവിട്ടിരുന്നു. ഭീകരർ ഇപ്പോഴും വനത്തിനുള്ളിൽ തന്നെ തമ്പടിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് എൻഐഎ ഉള്ളത്.

ഇവർ ഭക്ഷണത്തിനായും മറ്റ് ആവശ്യങ്ങൾക്കായും ജനവാസമേഖലയിലേക്ക് എത്തിയേക്കാം എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഏപ്രിൽ 22 നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ 26 വിനോദസഞ്ചാരികളാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Exit mobile version