Site iconSite icon Janayugom Online

പാകിസ്താന് ഇനി വെള്ളമില്ല; ജലമൊഴുക്ക് തടയും; യോഗത്തിൽ നിർണായക തീരുമാനങ്ങൾ

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് കര്‍ശനമായി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ ആഗോള സഹായം തേടുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് ഉറപ്പിച്ചത്. 

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. പാകിസ്ഥാന് ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന് ഉറപ്പാക്കാന്‍ മൂന്ന് പദ്ധതികള്‍ ആവിഷ്കരിച്ചതായി യോഗ ശേഷം ജലവിഭവ മന്ത്രി സി ആര്‍ പാട്ടീല്‍ പറഞ്ഞു. 

പാകിസ്ഥാനിലേക്ക് ജലവിതരണം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹ്രസ്വ, മധ്യ, ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു. സിന്ധു നദിയിലെ വെള്ളം തടയാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനൊപ്പം നദികള്‍ വഴി തിരിച്ചുവിടുമെന്നും ചെളി നീക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിന്റെ തുടര്‍ നടപടികളാണ് യോഗം ചര്‍ച്ച ചെയ്തത്. കരാര്‍ മരവിപ്പിക്കുന്നത് മധ്യസ്ഥത വഹിച്ച ലോക ബാങ്കിനെ അറിയിക്കും. കരാറില്‍ പരാമര്‍ശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ ശേഷി ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പങ്കെടുത്തു.

ഇന്നലെ രാവിലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഇന്ത്യ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കരാര്‍ റദ്ദാക്കിയ കാര്യം പാകിസ്ഥാനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരവാദവും കരാര്‍ പ്രകാരം ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ആവശ്യങ്ങളോട് പ്രതികരിക്കാത്തതും കരാര്‍ ലംഘനവുമാണ് തീരുമാനത്തിന് കാരണമെന്ന് ഇന്ത്യ അറിയിച്ചു.
അതേസമയം ഇന്ത്യയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നായിരുന്നു പാക് പ്രതികരണം. സിന്ധു നദീജല കരാർ നിർത്തിവച്ച നടപടിയെ യുദ്ധമായി കണക്കാക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു. ജലത്തിന്റെ ഒഴുക്ക് തടയുകയാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version