കടബാധ്യതയെ തുടർന്ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് ലേലം ചെയ്യാൻ ഒരുങ്ങി പാകിസ്താൻ. ഡിസംബർ 23ന് ലേലനടപടികൾ നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വായ്പകൾ തിരിച്ചടയ്ക്കാൻ വീണ്ടും വായ്പയെടുക്കുന്ന പാകിസ്താന് ഈ വിറ്റഴിക്കൽ നിർണായകമാണ്. 1958 മുതൽ 20‑ൽ അധികം തവണ ഐഎംഎഫിൽ നിന്ന് വായ്പയെടുത്ത പാകിസ്താൻ നിലവിൽ ഐഎംഎഫിന്റെ അഞ്ചാമത്തെ വലിയ കടക്കാരനാണ്.രണ്ട് പതിറ്റാണ്ടിനിടയിലെ പാകിസ്താന്റെ ആദ്യത്തെ വലിയ സ്വകാര്യവത്കരണ ശ്രമമാണ് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലേലം. ഈ സ്വകാര്യവത്കരണത്തിലൂടെ 86 ബില്യൺ രൂപ നേടാനാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. വരുമാനത്തിന്റെ 15% സർക്കാരിലേക്കും ബാക്കി കമ്പനിക്കകത്തും നിലനിർത്തുമെന്നാണ് റിപ്പോർട്ട്. നാല് കമ്പനികൾ ലേലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്. ലക്കി സിമെന്റ് കൺസോർഷ്യം, ആരിഫ് ഹബീബ് കോർപ്പറേഷൻ കൺസോർഷ്യം, ഫോജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡ്, എയർ ബ്ലൂ ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുക. പാക് സൈനിക നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷന്റെ ഭാഗമാണ് ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡ്. ഫീൽഡ് മാർഷൽ അസിം മുനീറിന് ഫൗജി ഫൗണ്ടേഷന്റെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ (സിബിഡി) നേരിട്ടുള്ള സ്ഥാനം ഇല്ലെങ്കിലും ഫൗജി ഫൗണ്ടേഷന്റെ സിബിഡിയിൽ അംഗമായ ക്വാർട്ടർമാസ്റ്റർ ജനറലിനെ നിയമിക്കുന്നത് അസിം മുനീർ ആണ്.
ഒരു കാലത്ത് പാകിസ്താന്റെ അഭിമാനമായിരുന്ന പിഐഎയുടെ തകർച്ച ആരംഭിക്കുന്നത് 2020ലാണ്. ശതകോടിക്കണക്കിനാണ് കമ്പനിയുടെ നഷ്ടം. 2020ൽ 30%-ൽ അധികം പാകിസ്താൻ പൈലറ്റുമാർ വ്യാജമോ സംശയകരമോ ആയ ലൈസൻസുകൾ ഉപയോഗിച്ചാണ് വിമാന പറത്തുന്നതെന്ന് കണ്ടെത്തി. തുടർന്ന് 262 പൈലറ്റുമാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. ഇത് എയർലൈൻസിന്റെ പ്രവർത്തനത്തെ അടക്കം ബാധിച്ചു. വിഷയം, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി 2020 ജൂണിൽ യൂറോപ്പിലേക്കുള്ള പിഐഎ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.

