Site iconSite icon Janayugom Online

ഇന്ത്യയോട് യുദ്ധം ചെയ്താല്‍ എന്നും പാകിസ്ഥാൻ തോല്‍ക്കും: മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍

ഇന്ത്യയുമായുള്ള ഏത് പരമ്പരാഗത യുദ്ധത്തിലും പാകിസ്താൻ പരാജയപ്പെടുമെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥനും പാകിസ്താനിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തലവനുമായിരുന്ന ജോണ്‍ കിരിയാക്കോ. പാകിസ്താന്റെ ആണവായുധ ശേഖരം യുഎസ് നിയന്ത്രിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദശലക്ഷക്കണക്കിന് ഡോളര്‍ സഹായം നല്‍കി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വിലയ്ക്ക് വാങ്ങി. പാക് ആണവായുധങ്ങളുടെ നിയന്ത്രണം മുഷറഫ് യുഎസിന് കൈമാറിയെന്നും കിരിയാക്കോ പറഞ്ഞു.

ഇന്ത്യയുമായുള്ള യുദ്ധത്തില്‍ ഒന്നും നേടാനാവില്ലെന്ന നിഗമനത്തില്‍ പാകിസ്താന്‍ എത്തേണ്ടതുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായിട്ട് നല്ലതൊന്നും നടക്കാന്‍ പോകുന്നില്ല. കാരണം പാകിസ്താന്‍ പരാജയപ്പെടും. ആണവായുധങ്ങളെക്കുറിച്ചല്ല, പരമ്പരാഗത യുദ്ധത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നത്. ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സ്വേച്ഛാധിപത്യ രാജ്യങ്ങളുമായി പ്രവര്‍ത്തിക്കാന്‍ അമേരിക്കയ്ക്ക് ഇഷ്ടമാണ്. പൊതുജനാഭിപ്രായത്തെക്കുറിച്ചോ മാധ്യമങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. ഞങ്ങള്‍ അടിസ്ഥാനപരമായി മുഷറഫിനെ വാങ്ങുകയായിരുന്നു’ ‑കിരിയാക്കോ ആരോപിച്ചു. മുഷറഫിന് കീഴില്‍, പാകിസ്താന്റെ സുരക്ഷാ, സൈനിക നീക്കങ്ങളില്‍ അനിയന്ത്രിതമായി ഇടപെടാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയതിനാല്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ മുഷറഫ് അനുവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version