Site iconSite icon Janayugom Online

പാലക്കാട് സ്ഥാനാർത്ഥി നിർണയം; രാഹുൽ മാങ്കൂട്ടത്തിനെതിരെ തുറന്നടിച്ച് പി സരിൻ

പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ തുറന്നടിച്ച് പി സരിൻ. പാലക്കാട് കോൺഗ്രസ് ജയിച്ചില്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല , രാഹുൽ ഗാന്ധി ആയിരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥി നിർണയം പാർട്ടി പുനഃപരിശോധിക്കണം.പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് താൻ മുന്നോട്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥി ആകാത്തതുകൊണ്ടല്ല താൻ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ നിർണയിച്ചത് എങ്ങനെയാണ്? പാലക്കാട്ട് ഒരാളുടെ താല്പര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. തെറ്റുപറ്റിയെങ്കിൽ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതൃത്വം കാണിക്കുന്നത് തോന്ന്യവാസമാണ്. പാർട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങൾക്ക് കോട്ടം വന്നു. പാർട്ടി തീരുമാനങ്ങളുടെ രീതിക്ക് മാറ്റം വന്നു. സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവർക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാർഥിയാക്കാൻ എന്തുകൊണ്ടാണ് പാർട്ടിക്ക് സാധിക്കാത്തത്? താൻ കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടുമാത്രമേ പോകൂ. സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യത്തിന് ആദ്യം പാർട്ടി തീരുമാനിക്കട്ടെയെന്നും ബാക്കി പിന്നീടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Exit mobile version