Site iconSite icon Janayugom Online

പാലക്കാട് നഗരസഭ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട് നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി.അവസാനകാലഘട്ടത്തില്‍ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു.സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷനിലേക്ക് പോലും തന്നെ ക്ഷണിച്ചിട്ടില്ലെന്നും സ്വന്തക്കാരെ തിരുകി ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രമീള ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ മത്സരിക്കാനില്ലെന്ന് താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും പട്ടികയില്‍ ഒരുവിഭാഗത്തിന് മാത്രമാണ് പ്രധാന്യം ലഭിക്കുന്നതെന്നും ഇവിടുത്തെപാര്‍ട്ടിക്കാര്‍ക്കും ജനങ്ങള്‍ക്കും വളരെ വ്യക്തമായി അറിയാം. അത്തക്കാരുടെ സ്വന്തക്കാര്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്.ഞാന്‍ കഴിഞ്ഞ രണ്ടുതവണ ജയിച്ച വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച കാര്യം ഇന്നലെ വൈകീട്ടാണ് അറിഞ്ഞത്.ആരൊക്കെയാണ് മത്സരിക്കുന്നതെന്ന് പോലും പറയാന്‍ ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.അതിന്റെതായ പ്രയാസം എനിക്കുണ്ട്. ഇന്നലത്തെ കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നതും അതുകൊണ്ടാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പരിപാടിയില്‍ പങ്കെടുത്തത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ മാറി നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ്. അക്കാര്യം സംസ്ഥാന പ്രസിഡന്റിനെ അറിയിക്കുകയും അദ്ദേഹത്തിന് അത് ബോധ്യമാകുകയും ചെയ്തിട്ടുണ്ട്. എന്‍ ശിവരാജന് സിറ്റ് ലഭിക്കാത്തതിന്റെ കാരണം അറിയില്ലപ്രമീള ശശിധരന്‍ പറഞ്ഞു.ഇത്തവണ നഗരസഭാ ഭരണം നിലനിര്‍ത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി ബിജെപിയില്‍ പോര് തുടരുന്നത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന രണ്ട് നഗരസഭകളില്‍ ഒന്നാണ് പാലക്കാട്.

Exit mobile version