Site iconSite icon Janayugom Online

പാലക്കാട് പോളിങ് ശതമാനം 70.51 ആയി കുറഞ്ഞു; കൂട്ടിയും കിഴിച്ചും മുന്നണികൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംങ് ശതമാനം 70.51 ആയി കുറഞ്ഞതോടെ കണക്ക് കൂട്ടിയും കിഴിച്ചും മുന്നണികൾ. 2021ൽ 73.71 ശതമാനമായിരുന്നു പോളിംങ് . മൂന്ന് ശതമാനത്തിലേറെയാണ് പോളിംങ്ങിലുണ്ടായ കുറവ്. എന്നാൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇത്തവണ പോളിംങ് ഉയർന്നു. കോൺഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം ഇന്ന് വിധിയെഴുതിയത്. രാവിലെ മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മറുവശത്ത്, യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇത് യുഡിഎഫ് ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. 

കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംങ് ശതമാനം കുറ‌ഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംങ്. പാലക്കാട് സീറ്റിൽ കണ്ണുവെച്ചിരുന്ന കെ സുരേന്ദ്രനെയും ശോഭ സുരേന്ദ്രനേയും ഒഴിവാക്കിയാണ് കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയാകുന്നത് . വി മുരളീധരൻ , കെ സുരേന്ദ്രൻ ഗ്രൂപ്പിന് അനഭിമിതനാണ് കൃഷ്ണകുമാർ . ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയം ബിജെപി ക്യാമ്പിലുണ്ട് . സന്ദീപ് വാര്യരുടെ വരവും രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിതവും കോൺഗ്രസ് അണികളെ പോലും നിരാശരാക്കിയിട്ടുണ്ട് . 

കെ സുധാകര പക്ഷത്തെ മൂലക്കിരുത്തി വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്നാണ് തെരഞ്ഞെടുപ്പ് നയിച്ചത് . ഇതെല്ലം വോട്ടെടുപ്പിൽ ബാധിക്കുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് ക്യാമ്പിൽ ആ ആത്മവിശ്വാസം ഇപ്പോഴില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ നാലായിരം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്നാണ് നേതാക്കൾ പറയുന്നത്. 2021ൽ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാ‍ർത്ഥിയായിരുന്ന ഷാഫി പറമ്പിൽ മണ്ഡലത്തിൽ ജയിച്ചത്. 23നാണ് വോട്ടെണ്ണൽ.

Exit mobile version