Site iconSite icon Janayugom Online

പാലോട് രവിയുടെ ഫോണ്‍ സംഭാഷണം : അന്വേഷണ ചുമതല തിരുവഞ്ചൂരിന്

തിരുവന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ ഫോണ്‍സംഭാഷണം പുറത്തായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കെപിസിസി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ഫോൺ സംഭാഷണം ചോർത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും പരിശോധിക്കും. വേഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കെപിസിസി നിർദ്ദേശം.

ഫോൺ സംഭാഷണം പുറത്തായത് പാർട്ടിക്ക് തിരിച്ചടിയായെന്നും പ്രവർത്തകരോട് വിശദീകരിക്കാൻ കഴിയാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ.അതിനിടെ, ഫോൺ ചോർത്തിയെന്ന ആരോപണ വിധേയൻ പൊലീസിൽ പരാതി നൽകി. എ ജലീൽ വെഞ്ഞാറമൂടാണ് തനിക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നുവെന്ന് പരാതി നൽകിയത്. താൻ ഫോൺ ചോർത്തിയില്ല എന്നും ജലീൽ പറയുന്നു.

കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.അതേസമയം, പാലോട് രവിക്ക് പിന്നാലെ പത്തിലധികം ഡിസിസി അധ്യക്ഷന്‍മാരുടെ സ്ഥാനം തെറിക്കുമെന്ന് സൂചന. കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍പകുതിയില്‍ അധികം പേരെയും ഒഴിവാക്കുമെന്നാണ് വിവരം. കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നേതാക്കള്‍ ഈ ആഴ്ച തന്നെ ദില്ലിയിലേക്ക്പോയേക്കും. തൃശൂര്‍, എറണാകുളം, മലപ്പുറം ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് മാത്രമേ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു എന്നും റിപ്പോർട്ടുണ്ട്.

Exit mobile version