2025ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) 2015ലെ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകൾ നിയമസാഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ വിവിധ വകുപ്പുകളും ഉപവകുപ്പുകളും അനുസരിച്ച് ഒരു പഞ്ചായത്തിലെ പട്ടികജാതി പട്ടികവർഗക്കാരുടെ എണ്ണം സംവരണത്തിന് കുറവാണെങ്കിവും കൂടുതലുള്ള വിഭാഗത്തിന് സംവരണം ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്. പട്ടികജാതി പട്ടികവർഗക്കാരുടെ എണ്ണം തുല്യമാണെങ്കിൽ സംവരണത്തിൽ ഉറപ്പാക്കേണ്ട വ്യവസ്ഥകൾക്കായി ആക്ടിൽ ഭേദഗതി വരുത്തണം.
ആഭ്യന്തര വിജിലൻസും മോണിറ്ററിങ് സംവിധാനവും സോഷ്യൽ ഓഡിറ്റിങ്ങും ഭേദഗതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. വസ്തു നികുതി സംബന്ധിച്ചും വ്യവസായ സൗഹൃദമാക്കുന്നതിനും സെക്രട്ടറിക്ക് ചുമതൽ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. അപായകരമായ വൃക്ഷങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനും തെരുവിൽ തടസമുണ്ടാക്കുന്ന വസ്തുക്കൾ തടയുന്നതിനും പുതിയ വ്യവസ്ഥ ഉൾപ്പെടുത്തുന്നതിനുമാണ് ഭേദഗതി.
വ്യവസായ സൗഹൃദ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നഗരപരിസരങ്ങളിലെ ജീവിതം മികവുറ്റതാക്കാനും ഉതകുന്ന ഭേദഗതികൾ കേരള മുനിസിപ്പാലിറ്റി (ഭേദഗതി ബില്ലിൽ)ഉൾക്കൊള്ളുന്നു. തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് ബില്ലുകൾ അവതരിപ്പിച്ചു. ചർച്ചയിൽ ഡി കെ മുരളി, പി സി വിഷ്ണുനാഥ്, ആര്യാടൻ ഷൗക്കത്ത്, കടകംപള്ളി സുരേന്ദ്രൻ, എ കെ എം അഷ്റാഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ കേരളം
മുൻസിപ്പാലിറ്റി, പഞ്ചായത്ത് നിയമത്തിൽ ഭേദഗതി വരുന്നതോടെ സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി എം ബി രാജേഷ്. കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ, കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുകളിൽ നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. അധികാരം ജനങ്ങൾക്ക് കൈമാറുകയാണ്. ഏത് പൗരനും വികസന ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള അധികാരം ലഭിക്കുന്നു. അധികാരവികേന്ദ്രീകരണത്തിൽ കേരളം രാജ്യത്തിന് വഴികാട്ടിയാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ് ഇത്. 2011–15ൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച ശരാശരി പദ്ധതി അടങ്കൽ വിഹിതം 24.11 % ആണ്. 2021–25 കാലയളവിൽ ഇത് 27.26 % ആയി ഉയർന്നു.
സാമ്പത്തിക ഞെരുക്കം ഉണ്ടായിട്ടും ഇടതുപക്ഷ സർക്കാർ ക്രമാനുഗതമായ വാർധനവ് അനുവദിച്ചു. പെർഫോമൻസ് ഓഡിറ്റ് നിർത്തലാക്കുക 2021 ലെ സംസ്ഥാന ബജറ്റിൽ ഉള്ളതാണ്. നയപരമായ തീരുമാനമാണ് ഇത്. തദ്ദേശ സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിന് ഇന്റേണൽ വിജിലൻസ്, ട്രിബൂണൽ, ഓംബുഡ്സ്മാൻ എന്നിങ്ങനെ ജുഡീഷ്യൽ സംവിധാനങ്ങളും ഭരണസംവിധാനങ്ങളും നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയ 96 % കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. ഇത്തവണത്തെ കേരളപ്പിറവി അർത്ഥവത്താകുന്നത് 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു കൊണ്ടാണ്. അഞ്ചുവർഷം പ്രവർത്തിച്ച തദ്ദേശസ്ഥാപന ഭരണസമിതികൾക്ക് വികസന കാര്യങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് വികസന സദസ് ബഹിഷ്കരണത്തിലൂടെ യുഡിഎഫ് നഷ്ടമാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

