Site iconSite icon Janayugom Online

പണ്ടാര അടുപ്പിൽ തീ പകർന്നു; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം

പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. ലക്ഷകണക്കിന് വിശ്വാസികളെ ഭക്തിയിലാഴ്ത്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ തെളിച്ചു. ശേഷം പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നു. പകൽ 1.15‑നാണ് പൊങ്കാല നിവേദ്യം. ചലച്ചിത്ര താരങ്ങൾ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പൊങ്കാല അർപ്പിക്കാൻ എത്തിയത്. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നത്.
ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ചടങ്ങുകൾക്ക് അകമ്പടിയേകി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു എഴുന്നള്ളത്ത് നടക്കും. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 1ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും. വിശ്വാസികൾക്ക്‌ സൗകര്യമൊരുക്കി സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കോർപറേഷനും സന്നദ്ധ സംഘടനകളും രം​ഗത്തുണ്ട്. പൊലീസും അഗ്നിരക്ഷാസേനയും കെഎസ്‌ഇബിയും ആരോഗ്യവകുപ്പും സർവസജ്ജമാണ്. ഹരിതചട്ടം പാലിച്ചാണ്‌ പൊങ്കാല. യാത്ര സുഗമമാക്കാൻ കെഎസ്‌ആർടിസിയും റെയിൽവേയും പ്രത്യേക സർവീസ്‌ നടത്തും. കോർപറേഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ നഗരം വൈകിട്ടോടെ ശുചിയാക്കും.

ഫോട്ടോ: രാജേഷ് രാജേന്ദ്രൻ 

Exit mobile version