Site icon Janayugom Online

പാൻഡോറ പേപ്പര്‍ വെളിപ്പെടുത്തല്‍; മൂന്ന് മലയാളികൾക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം

pandora paper

കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പാൻഡോറ പേപ്പറിലുള്ള മലയാളികൾക്ക് എതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. മനോജ് പത്മനാഭൻ, ജോസഫ് ജോബ്, ക്ലീറ്റസ് കുരിശിങ്കൽ എന്നിവർക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഇവരുമായി ബന്ധമുള്ള കൊച്ചിയിലെ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ഇന്നലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. 

മൂന്നുപേർക്കും ബ്രീട്ടീഷ് വിർജിൻ ഐലൻഡിൽ ഷെൽ കമ്പനികൾ ഉണ്ടെന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മനോജ് പത്മനാഭന് പീക്കോക് ടെക്നോളജീസ് എന്ന പേരിലും ക്ലീറ്റസ് കുരിശിങ്കലിന് കാറ്റലിസ്റ്റ് ഐടി സൊല്യൂഷൻസ് എന്ന പേരിലും ജോസഫ് ജോബിന് ന്യൂജെൻ ഇൻഫോ സൊല്യൂഷ്യൻസ് എന്ന പേരിലുമാണ് ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ കമ്പനികളുള്ളതെന്നാണ് കണ്ടെത്തൽ. 

മൂവരുമായും ബന്ധമുള്ള കൊച്ചിയിലെ സ്പെക്ട്രം സോഫ്റ്റ് ടെക് സൊല്യൂഷ്യൻസിലാണ് ആദായ നികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്. ക്ലീറ്റസ് കുരിശിങ്കൽ ഈ കമ്പനിയുടെ ഡയറക്ടറാണ്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ആദായ നികുതി വകുപ്പ് പരിശോധിച്ചു, ഇതിൽ ഇവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ദുബായിലെ ഒരു ഇൻഫോർമാറ്റിക് സ്ഥാപനത്തിന്റെ മറവിൽ ബ്രിട്ടീഷ് വിർജിൻ ഐലൻഡിലെ ഇവരുടെ കമ്പനികളിലേക്ക് പോയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

യുഎസ് മലയാളി ഫ്രാൻസിസ് കുന്നുമ്പുറത്തുമായി ഇവർക്കുള്ള ബന്ധവും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. പാൻഡോറ പേപ്പറുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യമായാണ് ഒരു കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നത്. പതിനാല് ആഗോള കോർപ്പറേറ്റ് സേവന സ്ഥാപനങ്ങളിൽ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാൻഡോറ പേപ്പറുകൾ എന്ന് പൊതുവെ വിളിക്കുന്നത്. 117 രാജ്യങ്ങളിലായി 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഇന്റർ നാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകൾ(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിഞ്ഞത്. 

Eng­lish Sum­ma­ry: Pan­do­ra Paper Dis­clo­sure; Income Tax Depart­ment inves­ti­ga­tion against three Malayalis

You may also like this video

Exit mobile version