Site iconSite icon Janayugom Online

പാപ്പച്ചൻ കൊ ലപാതകം: പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

pappachan murderpappachan murder

പാപ്പച്ചൻ കൊലപാതകക്കേസിൽ ഒന്നുമുതൽ നാലുവരെയുള്ള പ്രതികളെ നാലു ദിവസത്തേക്കുകൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാംപ്രതി പോളയത്തോട് സ്വദേശി അനിമോൻ, രണ്ടാംപ്രതി ഓട്ടോഡ്രൈവർ മാഹിൻ, മൂന്നാംപ്രതി ധനസ്ഥാപനത്തിലെ മാനേജർ സരിത, നാലാംപ്രതി ധനസ്ഥാപനത്തിലെ എക്സിക്യൂട്ടീവ് കെ പി അനൂപ് (37) എന്നിവരെയാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി ലക്ഷ്മി ശ്രീനിവാസ് പൊലിസ് കസ്റ്റഡിയിൽ വിട്ടത്. 

അന്വേഷകസംഘത്തിന് പഴുതടച്ച കുറ്റപത്രം തയ്യാറാക്കാൻ നിർണായകമായ തെളിവെടുപ്പുകൾ പൂർത്തീകരിച്ച് രേഖകൾ കണ്ടെത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികൾ എട്ടുദിവസം പൂർണമായും പൊലീസ് കസ്റ്റഡിയിൽ ആയിരുന്നെന്നും പരമാവധി ഒരു ദിവസം മാത്രമെ അനുവദിക്കാവൂ എന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. കോടതി പ്രതിഭാഗം വാദം അംഗീകരിച്ചില്ല.

പ്രതികൾ പാപ്പച്ചനിൽനിന്നു കൈക്കലാക്കിയ യഥാർഥ തുക എത്രയാണെന്നു കണ്ടെത്തുന്നതിനും പിടിച്ചെടുക്കുന്നതിനും സമയം വേണമെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലിസ് ആവശ്യപ്പെട്ടു. സരിതയുടെയും അനൂപിന്റെയും ഒപ്പ്, കൈയെഴുത്ത് പരിശോധനകൾ പൂർത്തിയാക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ കൈപ്പടയിൽ സ്വകാര്യ ധനസ്ഥാപനത്തിൽനിന്നു നൽകിയ പേ സ്ലിപ്പുകളിലെ അക്ഷരങ്ങളും ഒപ്പുകളും ഒന്നിലധികം തവണ ഇരുവരെയുംകൊണ്ട് എഴുതിച്ചാണ് സ്ഥിരീകരിക്കുന്നത്. ബാങ്കിലെ രേഖകളിലെ ഇവരുടെ കൈയെഴുത്തുമായി ഒത്തുനോക്കിയാണ് പരിശോധന.

Exit mobile version