Site iconSite icon Janayugom Online

പാപ്പച്ചന്‍ കൊലപാതക കേസ്: മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

pappachanpappachan

സ്വകാര്യ ബാങ്കിലെ നിക്ഷേപം തട്ടിയെടുക്കാന്‍ ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൈരളിനഗര്‍ കുളിര്‍മയില്‍ സി പാപ്പച്ചന്‍ (82)നെ കൊലപ്പെടുത്തിയ കേസില്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി ഗോപകുമാര്‍ തള്ളി.
കൊല്ലം മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ എഫ്എഫ്ആര്‍എ നഗര്‍ 12 അനിമോന്‍ മന്‍സിലില്‍ (പുതുവല്‍ പുരയിടം) അനിമോന്‍ (44), കൊല്ലം ഈസ്റ്റ് ആശ്രാമം ചേരിയില്‍ ശാസ്ത്രിനഗര്‍ പോളച്ചിറ പടിഞ്ഞാറ്റതില്‍ മാഹിന്‍ (45), തേവള്ളി ചേരിയില്‍ ഓലയില്‍ കാവില്‍ വീട്ടില്‍ വാടയ്ക്ക് താമസിച്ചിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജര്‍ സരിത (46) എന്നിവര്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.

പാപ്പച്ചന്റേത് അപകട മരണമാണെന്നും കൊലപാതകമല്ലെന്നും പൊലിസിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്നുമുള്ള വാദങ്ങളായിരുന്നു പ്രതിഭാഗ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി മുണ്ടയ്ക്കല്‍ ജാമ്യം നല്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. കൊലപാതകമാണെന്നും പ്രതികളുടെ പങ്ക് വെളിപ്പെടുത്തുന്ന കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.കക്ഷികളുമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ബി എന്‍ ഹസ്‌കര്‍, നീണ്ടകര രമേശ് എന്നിവര്‍ പറഞ്ഞു.

സ്വകാര്യ ബാങ്കിലെ നിക്ഷേപം തിരിമറി നടത്തിയതിന് മാനേജരായ മൂന്നാം പ്രതി സരിതയെ ചോദ്യം ചെയ്തതിന് പാപ്പച്ചനെ മെയ് 23ന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സരിതയുടെ ആസൂത്രണത്തില്‍ അനിമോന്‍ ആയിരുന്നു കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയ പാപ്പച്ചന്റെ മകള്‍ റെയ്ചല്‍ നല്‍കിയ പരാതിയിലാണ് കാറപകടം ക്രൂരമായ കൊലപാതകമാണെന്നു തെളിഞ്ഞത്.

Exit mobile version