Site iconSite icon Janayugom Online

ബോട്ടപകടത്തില്‍ മരിച്ചത് 22 പേര്‍; പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു

പരപ്പനങ്ങാടി തൂവൽത്തീരത്തെെ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ട നടപടികൾ ആരംഭിച്ചു. രണ്ട് കുട്ടികളുടെയടക്കം മൂന്നുപേരുടെ പോസ്റ്റുമോർട്ടം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മറ്റ് ആറ് പേരുടെ പോസ്റ്റുമോർട്ടം ഇവിടെ ആരംഭിച്ചു. ഉച്ചക്ക് 10 മണിയോടെ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പൂർത്തിയാക്കി വിട്ടുകൊടുക്കാനാവുമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.

22 പേരാണ് ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു അറ്റ്ലാറ്റിക് എന്ന വിനോദസഞ്ചാര ബോട്ട് പൂരപ്പുഴ അഴിയിൽ തലകീഴായി മറിഞ്ഞത്. 15 പേരാണ് വിവിധ ആശുപത്രികളായി ചികിത്സയിലുള്ളത്. ഒരാളുടെ നിലമാത്രമാണ് ഗുരുതരമായി തുടരുന്നത്. 10 പേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയത്. കൂടുതൽ പേർ ഇനിയും ഉണ്ടാകാനിടയില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും അപകട സ്ഥലത്ത് തിരച്ചൽ പ്രവർത്തനം രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനാംഗങ്ങള്‍ പുഴ ഇളക്കിമറിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്സ് വെള്ളത്തിനടിയില്‍ കാമറ ഉപയോഗിച്ചും തിരച്ചില്‍ നടക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പത്തുമണിയോടെ ആശുപത്രികളിലും അപകട സ്ഥലത്തും സന്ദര്‍ശിക്കും. റവന്യുമന്ത്രി അഡ്വ.കെ രാജന്‍ ഇന്നലെ രാത്രി മുതല്‍ അപകടസ്ഥലത്തും ആശുപത്രികളിലുമായി സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ വീണ്ടും പരപ്പനങ്ങാടിയിലെത്തി. മന്ത്രിമാരായ എ കെ ശശീന്ദ്രനും  അഹമ്മദ് ദേവര്‍ക്കോവിലും വിവിധ ആശുപത്രികളിലുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശനും അപകടസ്ഥലത്തെത്തും. മന്ത്രിമാരായ വി അബ്ദുറഹിമാന്‍, മുഹമ്മദ് റിയാസ്, കെപിഎ മജീദ് എംഎല്‍എ എന്നിവരുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മരിച്ചവരിൽ തിരിച്ചറിഞ്ഞവരുടെ പേരുവിവരം

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്ന (7), ഹസ്ന (18), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), മകൻ ഫൈസൻ (4), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (10), പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്‍ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), കുന്നുമ്മൽ ആവയിൽ ബീച്ച് റസീന, പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ സബറുദ്ദീൻ (38), പുതിയ കടപ്പുറം കുന്നുമ്മൽ വീട്ടിൽ ഷംന കെ (17), മുണ്ടുംപറമ്പ മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), ഒട്ടുംപുറം കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സഹറ, പരപ്പനങ്ങാടി സൈതലവിയുടെ മകൾ സഫ്ല ഷെറിൻ, ചെട്ടിപ്പടി വെട്ടിക്കൂട്ടിൽ വീട്ടിൽ ആദിൽ ഷെറി, ചെട്ടിപ്പടി അയിഷാ ബി, വെട്ടിക്കാട്ടിൽ വീട്ടിൽ അർഷൻ, പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സീനത്ത് (45), വെട്ടിക്കൂട്ടിൽ വീട്ടിൽ അദ്നാൻ (9).

ചികിത്സയിലുള്ളത്

അയിഷ, മുഹമ്മദ് അഫ്റദ്, അഫ്താഫ്, ഫസ്ന, ഹസീജ, നുസ്റത്ത്, സുബൈദ എന്നിവരും, തിരിച്ചറിയാത്ത മൂന്ന് പേരുമാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ്, മിംസ് ആശുപത്രി കോട്ടക്കൽ, എംകെഎച്ച് തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Eng­lish Sam­mury: parap­panan­ga­di boat acci­dent, autop­sy Pro­ceed­ings start­ed

Exit mobile version