Site iconSite icon Janayugom Online

പരപ്പനങ്ങാടി ബോട്ടപകടത്തില്‍ 21 മരണം; നാല് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിലെ തൂവല്‍ത്തീരത്തുണ്ടായ ബോട്ടപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇതുവരെ 21 പേര്‍ മരിച്ചതായാണ് വിവരം. ഇവരില്‍ ആറ് പേര്‍ കുട്ടികളാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട ബോട്ട് കരക്കെത്തിച്ച് വെട്ടിപ്പൊളിച്ച് അതിനകത്ത് പരിശോധിക്കുന്നതിനിടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

ബോട്ടപകടത്തില്‍ മരിച്ച  ഒമ്പത്‌ പേരെ തിരിച്ചറിഞ്ഞു. ജെല്‍സിയ ജാബിര്‍, സഫ്‌ല (ഏഴ്), ഹസ്‌ന (18), ഫാത്തിമ മിന്‍ഹ (12), ഫാത്തിമയുടെ പിതാവ് കാട്ടിലപീടികയില്‍ സിദ്ദീഖ് (35), അഫ്‌ലാഹ് (ഏഴ്), ഫൈസാന്‍ (മൂന്ന്), റസീന, അന്‍ഷിദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

വൈകിട്ട് ഏഴരയോടെയാണ് അപകമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് തടസാകാത്ത വിധം പ്രദേശത്താകെ വെളിച്ചമെത്തിച്ചിട്ടുണ്ട്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. നാല് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നും ഡിഎംഒ പറഞ്ഞു.  ടിക്കറ്റ് കൗണ്ടറിലെ കണക്കനുസരിച്ച് 39 പേര്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ടെന്നും പറയുന്നു. മരിച്ചവരില്‍ അധികവും കുട്ടികളാണെന്നതിനാല്‍ എത്രപേരെ കാണാതായിരിക്കാം എന്നത് തിട്ടപ്പെടുത്താനാവില്ല. 12 പേരെയാണ് ഇതിനകം രക്ഷപ്പെടുത്താനായിരിക്കുന്നത്. ഡിഎംഒ പറഞ്ഞു. യാസര്‍ എന്നയാളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

മന്ത്രിമാരായ വി അബ്ദുറഹിമാനും മുഹമ്മദ് റിയാസും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലയിലെ എംഎല്‍എമാരും സ്ഥലത്തെത്തിത്തുടങ്ങി. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ബോട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് കെപിഎ മജീദ് എംഎല്‍എ ആരോപിച്ചു.

ആശുപത്രിയിലും അപകട സ്ഥലത്തും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയിട്ടുള്ളത്. നാട്ടുകാരും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുമാണ് അധികവും. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. താനൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് തൂവല്‍ത്തീരം.

updat­ing…

 

Eng­lish Sam­mury: parap­panan­ga­di Boat Accident

Exit mobile version