Site iconSite icon Janayugom Online

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ ഹാജരാകണം

വാളയാര്‍ പീഡനക്കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ഹാജരാകന്‍ കോടതി നിര്‍ദ്ദേശം.അടുത്തമാസം 25 ന് വിചാരണ കോടതിയായ കൊച്ചിയിലെ സി ബി ഐ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചു. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന് പ്രതികള്‍ക്ക് ഒത്താശ ചെയ്തതിനാണ് വാളയാര്‍ അമ്മയെ സി ബി ഐ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ സി ബി ഐ വിശദമായ അന്വേഷണം പൂര്‍ത്തിയാക്കി ഇതിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേര്‍ത്താണ് 6 കേസുകളില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗത്തിനുള്ള പ്രേരണാകുറ്റം, ബലാത്സംഗത്തിന് ഒത്താശ ചെയ്തു, കുറ്റകൃത്യം മറച്ചുവച്ച് പ്രതികളെ സഹായിച്ചു എന്നതടക്കം ഗുരുതര കണ്ടെത്തലുകളാണ് അമ്മക്കെതിരെ സി ബി ഐ കുറ്റപത്രത്തിലുള്ളത്. കുറ്റപത്രം വിചാരണക്കോടതി അംഗീകരിച്ചിരുന്നു. തുടര്‍നടപടി എന്ന നിലയ്ക്കാണ് ഇന്ന് കേസ് പരിഗണിച്ച് മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ചത്. ഏപ്രില്‍ 25 ന് വിചാരണക്കോടതിയായ എറണാകുളം സി ബി ഐ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. തുടര്‍ന്ന് കുറ്റപത്രം നല്‍കി കുറ്റവിചാരണയിലേക്ക് കോടതി കടക്കും.തങ്ങളെ പ്രതികളാക്കിയ സി ബി ഐ നടപടി ചോദ്യം ചെയ്ത് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഏപ്രില്‍ 1 ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ സി ബി ഐ നിലപാട് അറിയിക്കും.

ഹൈക്കോടതി ഉത്തരവിന് അനുസൃതമായിട്ടായിരിക്കും വിചാരണക്കോടതിയിലെ തുടര്‍ നടപടികള്‍. ഹൈക്കോടതി ഹര്‍ജി തള്ളിയാല്‍ ഇക്കാലമത്രയും ഇരയായി പൊതുസമൂഹത്തിന് മുന്നില്‍ നിന്ന വാളയാര്‍ അമ്മ പ്രതിയായി കുറ്റവിചാരണ നേരിടേണ്ടി വരും.2017 ജനുവരി 13 നും മാര്‍ച്ച് 4 നുമാണ് വാളയാര്‍ അട്ടപ്പള്ളത്തെ 13‑ഉം 9‑ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ ദുരൂഹമായ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. 

തുടക്കത്തില്‍ കേരള പൊലീസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാതാപിതാക്കളുടെയും സമരസമിതിയുടെയും ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്ക് അന്വേഷണം കൈമാറുകയായിരുന്നു.വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതി ചേര്‍ത്ത് കോടതിയില്‍ സി ബി ഐ കുറ്റപത്രം സമര്‍ച്ചിട്ടുണ്ട്. സി ബി ഐ കണ്ടെത്തിയ കാര്യങ്ങള്‍ പൂര്‍ണമായി ശരിയാണെന്നും വാളയാര്‍ സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.

Exit mobile version