അവസാന നിമിഷത്തിലെ ഒരു കുതിപ്പ്.. ഒരു മൈക്രോസെക്കന്‍ഡിന്റെ വേഗം… അതുമതി… അവര്‍ അജയ്യരാകും. ലോകം കീഴടക്കുന്നവരാകും. ചരിത്രത്തില്‍ ഒരിക്കലും മായാത്ത രീതിയില്‍ സ്വന്തം പേരെഴുതിചേര്‍ക്കും. 33-ാമത് ഒളിമ്പിക്സിന് പാരിസില്‍ ദീപം തെളിഞ്ഞു. എണ്ണമറ്റ കലാകാരന്മാർക്ക് പ്രചോദനമായ സെന്‍ നദി ഇനി കായികനിമിഷങ്ങള്‍ക്കായി കാതോര്‍ക്കും.
പാരിസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന ഐതിഹാസികവും ചരിത്രപരവുമായ സെന്‍ നദിയിലൂടെ ആറു കിലോമീറ്റര്‍ നീളുന്നതായിരുന്നു കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. ഫ്രഞ്ച് സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമായ സെന്‍ നദിയിലൂടെ ദേശീയപതാകകൾ വീശിയും ആരവമുയര്‍ത്തിയും മാര്‍ച്ച് പാസ്റ്റ് ഒഴുകി. ഒളിമ്പിക് വര്‍ണം ചാര്‍ത്തിയ മനോഹരമായ കടവുകളിലും പാലങ്ങളിലും ആയിരക്കണക്കിന് കാണികള്‍ നിറഞ്ഞിരുന്നു. ഫ്രഞ്ച് സംസ്‌കാരവും ചരിത്രവും കലാവൈഭവവും ഇഴചേര്‍ന്നതായിരുന്നു മൂവായിരത്തോളം പേര്‍ പങ്കെടുത്ത കലാവിരുന്നുകള്‍.
ടേബിള്‍ ടെന്നിസ് താരം എ ശരത് കമലും ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി. 117 താരങ്ങളടങ്ങിയ ഇന്ത്യന്‍ സംഘത്തില്‍ ഏഴ് മലയാളികളുണ്ട്. ആദ്യദിനമായ ഇന്ന് ബാഡ്മിന്റൺ, ബോക്സിങ്, ഹോക്കി, റോവിങ്, ടേബിൾ ടെന്നീസ്, ടെന്നീസ്, ഷൂട്ടിങ് ഇനങ്ങളില്‍ ഇന്ത്യ കളത്തിലിറങ്ങും.
English Summary: Paris: India will take to the field today in seven events
You may also like this video