പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഇടതുപക്ഷ നയം നടപ്പിലാക്കണമെന്ന് എ കെ എസ് ടി യു 27-ാമത് കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപകരെയും ജീവനക്കാരെയും വിശ്വാസത്തിലെടുക്കുന്ന സമീപനമാണ് ആവശ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഒട്ടേറെ തവണ കേരളം ചർച്ച ചെയ്തതാണ്. നിരവധി സംസ്ഥാനങ്ങൾ ഈ പദ്ധതിയിൽ നിന്ന് പിറകോട്ട് പോകുമ്പോഴും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലുള്ള ആലോചനകൾ ഉണ്ടാകുന്നില്ല എന്നത് നിരാശാജനകമാണ്. പഠന റിപ്പോർട്ട് പോലും വെളിച്ചം കാണാൻ കോടതിയുടെ ഇടപെടൽ വേണ്ടിവന്നു. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിൻമാറി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പി വത്സല ടീച്ചര്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം എകെഎസ് ടി യു സംസ്ഥാന പ്രസിഡന്റ് പി കെ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ബിനീഷ് ബി ബി രക്തസാക്ഷി പ്രമേയവും ഡോ. വിദ്യ ജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ രചനാ മത്സരങ്ങളിലെ വിജയികൾക്കും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കലാപ്രതിഭകള്‍ക്കുമുള്ള ഉപഹാരങ്ങള്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ സമ്മാനിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ അജിന, സിപിഐ സിറ്റി നോര്‍ത്ത് മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ സുധിന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഷ്റഫ് കുരുവട്ടൂര്‍ നന്ദിയും പറഞ്ഞു. സമ്മേളന നഗരിയില്‍ എ കെ എസ് ടി യു ജില്ലാ പ്രസിഡന്റ് കെ വി ആനന്ദന്‍ പതാക ഉയര്‍ത്തി. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന എകെഎസ് ടി യു സംസ്ഥാന പ്രസിഡന്റ് പി കെ മാത്യുവിന് കെ കെ ബാലന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ സി ബിജു അധ്യക്ഷത വഹിച്ചു. എ കെ എസ് ടി യു സംസ്ഥാന ജോ. സെക്രട്ടറി എം വിനോദ്, സംസ്ഥന കമ്മിറ്റി അംഗം രാജീവന്‍ പുതിയേടത്ത്, എഐബിഇഎ ജില്ലാ സെക്രട്ടറി ബോധിസത്വന്‍ കെ റജി, മഹിളാസംഘം ജില്ലാ ജോ. സെക്രട്ടറി ആശാ ശശാങ്കന്‍, എ ടി വിനീഷ്, സജിത്ത് സി വി എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് അഡ്വ. പി ഗവാസ് മെമന്റോ സമ്മാനിച്ചു. എ കെ എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി ആദര്‍ശ് സ്വാഗതവും പ്രജിഷ എളങ്ങോത്ത് നന്ദിയും പറഞ്ഞു.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സർവീസ് പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസപ്പിലെ അപാകതകൾ പൂർണമായും പരിഹരിച്ച് കാര്യക്ഷമമാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രീമിയം അടക്കുന്ന മുഴുവൻ പേർക്കും ചികിത്സ ആനുകൂല്യങ്ങൾ ലഭ്യമാക്കണം. ഒരേ ചികിത്സയ്ക്ക് വ്യത്യസ്ത നിലവാരത്തിലുള്ള ആനുകൂല്യങ്ങൾ നൽകിവരുന്നുവെന്നും പ്രധാന ആശുപത്രികൾ ഈ പദ്ധതിയിൽ നിന്ന്പിന്മാറുന്നതാണ് കാണാന്‍ കഴിയുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനം പുതിയ ഭാരവാഹികളായി കെ വി ആനന്ദന്‍ (പ്രസിഡന്റ്), വിദ്യ ജി എന്‍, സി കെ ബാലകൃഷ്ണന്‍, എ ടി വിനീഷ്, പ്രജിഷ എളങ്ങോത്ത് (വൈസ് പ്രസിഡന്റുമാര്‍), ബി ബി ബിനീഷ് (സെക്രട്ടറി), കെ സുധിന, സി വി സജിത്ത്, പി അനീഷ്, ഇ കെ അശ്വതി അജിത്ത് (ജോ. സെക്രട്ടറിമാര്‍), ബാബു ആനവാതില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.