Site iconSite icon Janayugom Online

പങ്കാളിയെ കൊന്ന് മാലിന്യ ട്രക്കിൽ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ബെഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആശ എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ഇവരുടെ പങ്കാളി ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. മുഹമ്മദ്ദ് ഷംസുദ്ദീൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ ലിവിംഗ് ടുഗെതർ ബന്ധത്തിലായിരുന്നു. 

ബെംഗളൂരു മുനിസിപ്പൽ ബോഡിയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ആണ് ഞായറാഴ്ച മാലിന്യ ട്രക്കിനുള്ളിൽ നിന്നും സ്ത്രീയുടെ മൃതദേഹം വച്ചിരുന്ന ചാക്ക് കണ്ടെത്തിയത്. ഇവരുടെ കൈകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച പോലീസ്, പ്രതി 33 കാരനായ അസം സ്വദേശിമുഹമ്മദ് ഷംസുദ്ദീനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതി ആശ (40)യുമായി ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. സൌത്ത് ബെഗളൂരുവിലെ ഹുളിമാവിൽ ഒരു വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. 

ആശ വിധവയാണ്. വിവാഹിതനായ മുഹമ്മദ്ദ് ഷംസുദ്ദീൻറെ ഭാര്യയും മക്കളും അസ്സമിലാണ് താമസിക്കുന്നത്. എന്നാൽ ഇരുവരും ബെഗളൂരുവിൽ ഭാര്യയും ഭർത്താവുമാണെന്നാണ് ആളുകളോട് പറഞ്ഞിരുന്നത്. 

ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലോകേഷ് ബി ജഗലാസർ പറഞ്ഞു. ആശയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഷംസുദ്ദീൻ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ബൈക്കിൽ കൊണ്ടുപോയി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ചശേഷം ഷംസുദ്ദീൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 

Exit mobile version