Site icon Janayugom Online

ട്രെയിന്‍ മാറിക്കയറിയതിന് യാത്രക്കാരിയുടെ ഷാള്‍ പിടിച്ചുവെച്ചു: ടിക്കറ്റ് എക്സാമിനര്‍ക്കെതിരെ പരാതി

TTE

ട്രെയിൻ മാറിക്കയറി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ വീട്ടമ്മയോട് റെയിൽവെ ടിക്കറ്റ് പരിശോധക അപമര്യാദയായി പെരുമാറിയെന്ന് പരാതി. യുവതിയുടെ ഷാൾ പിടിച്ചു വെച്ചതായും ഫൈൻ അടക്കാമെന്ന് പറഞ്ഞിട്ടും ഷാൾ മണിക്കൂറുകളോളം തിരിച്ചുനൽകിയില്ലെന്നുമാണ് പരാതി. ബാലു​ശ്ശേരി ചളുക്കിൽ നൗഷത്താണ് പരാതിക്കാരി. ഫൈൻ അടക്കാമെന്ന് പറഞ്ഞിട്ടും ആളുകൾക്കിടയിൽ വെച്ച് പരസ്യമായി അപമാനിച്ചുവെന്നും പൊലീസ് എയിഡ് പോസ്റ്റിൽ അഭയം തേടിയിട്ടും നീതി ലഭിച്ചില്ലെന്നും യുവതി പരാതിയിൽ പറയുന്നു. രണ്ട് മണിക്കൂറിന് ശേഷം പരാതിയില്ലെന്ന് എഴുതി ഒപ്പിടുവിച്ച ശേഷമാണ് റെയിൽവേ ഉദ്യോഗസ്ഥ യുവതിക്ക് ഷാൾ തിരിച്ചു നൽകിയത്. ഇതിന്റെയെല്ലാം വീഡിയോ യുവതി ഫോണിൽ പകർത്തിയിട്ടുണ്ട്. 

തലശ്ശേരിയിൽ നിന്ന് ഒറ്റയ്ക്ക് കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു ഇവർ. 3.40 ന് തലശ്ശേരിയിൽ എത്തുന്ന മെമു ട്രെയിനിനാണ് ടിക്കറ്റ് എടുത്തത്.
അതിന് മുമ്പ് വന്ന ഇന്റർസിറ്റിയിൽ മാറിക്കയറി. കൊയിലാണ്ടിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. കോഴിക്കോട്ട് ഇറങ്ങിയപ്പോൾ വനിത ഉദ്യോഗസ്ഥ ടിക്കറ്റ് പരിശോധിച്ചു. ട്രെയിൻ മാറിപ്പോയതാണെന്നും പരിചയക്കുറവുണ്ടെന്നും ഒറ്റക്ക് യാത്ര ചെയ്ത് പരിചയമില്ലെന്നും അവരെ അറിയിച്ചു. ഫൈൻ അടക്കാമെന്നു പറഞ്ഞു. അതിനിടെ ഭർത്താവി​നെ ഫോൺ വിളിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥ തന്റെ ഷാൾ പിടിച്ചുവലിച്ചു. പിന്നീടവർ ഷാളുമായി ഓഫിസിലേക്ക് പോയി. അപമാനിതയായി പൊലീസ് എയ്ഡ് പോസ്റ്റിൽ ചെന്നപ്പോൾ അവർ സഹതാപമറിയിച്ചു. പരാതി കൊടുത്താൽ പുലിവാലാകുമെന്ന് ഉപദേശിച്ചു. ​ജോലി തടസ്സപ്പെടുത്തി എന്നുപറഞ്ഞ് നിങ്ങൾക്കെതിരെ അവർ പരാതി നൽകിയാൽ ബുദ്ധിമുട്ടാവുമെന്നറിയിച്ചു. ഷാളില്ലാതെ പ്രയാസമനുഭവിച്ച തനിക്ക് ഒരു ഓട്ടോ ഡ്രൈവർ ഷാൾ എത്തിച്ചുതന്നു. ഇതിനിടയിൽ ഭർത്താവിന്റെ സുഹൃത്ത് വന്ന് ഉദ്യോഗസ്ഥയോട് സംസാരിച്ചു. ഫൈൻ അടച്ച ശേഷം ഷാൾ തിരികെ നൽകുകയായിരുന്നു. ഉദ്യോഗസ്ഥ നിർബന്ധിച്ച് പരാതിയില്ല എന്ന് എഴുതി വാങ്ങുകയായിരുന്നുവെന്നും നൗഷത്ത് പറഞ്ഞു. 

ഇതിനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകുമെന്ന് നൗഷത്ത് പറഞ്ഞു. ടെയിലറാണ് നൗഷത്ത്. ഭർത്താവിന്റെ തല​ശ്ശേരിയിലെ വീട്ടിൽ നിന്ന് വരുമ്പോഴാണ് സംഭവം. എന്നാൽ സംഭവം സംബന്ധിച്ച് അറിയില്ലെന്നാണ് റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും വ്യക്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് യുവതി അറിയിച്ചു.

Eng­lish Sum­ma­ry: Pas­sen­ger’s shawl seized for chang­ing train: Com­plaint against tick­et examiner

You may also like this video

Exit mobile version