പത്തനംതിട്ട കോന്നി പാറമട അപകടത്തിൽ രക്ഷാ പ്രവർത്തനം നാളെ രാവിലെ 7 മണിക്ക് പുനരാരംഭിക്കും. ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കോന്നി പയ്യനാമണ്ണിൽ ആണ് പാറമട അപകടമുണ്ടായത്. ഹിറ്റാച്ചിക്ക് മേൽ പാറയിടിഞ്ഞുവീണായിരുന്നു അപകടം. പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
ഒഡിഷ, ബിഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽ പെട്ടത്. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിൽ പതിക്കുകയായിരുന്നു.27 എൻഡിആർഎഫ് സംഘം തിരുവല്ലയിൽ നിന്ന് തിരിച്ചതായാണ് വിവരം. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല.

