ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് ഇന്ത്യ സഖ്യത്തിന് ഐക്യകാഹളമായി രാഷ്ട്രീയ ജനതാദള്‍ ജന്‍വിശ്വാസ് യാത്ര. ചരിത്ര പ്രസിദ്ധമായ പട്ന ഗാന്ധി മൈതാനിയില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, സിപിഐഎംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടചാര്യ, ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവ്, തേജസ്വി യാദവ്, മനോജ് ഝാ അടക്കമുള്ളവര്‍ റാലിയെ അഭിസംബോധന ചെയ്തു.
തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കമുള്ള ജനകീയ വിഷയങ്ങള്‍ പരിഹരിക്കാതെ വോട്ട് മാത്രം ലക്ഷ്യമിട്ട് വാചക കസര്‍ത്ത് നടത്തുന്ന ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ ഐക്യത്തോടെ നിറവേറ്റുമെന്ന് ഡി രാജ പറഞ്ഞു. ഇന്ത്യ സഖ്യത്തില്‍ നിന്നുള്ള നിതിഷ് കുമാറിന്റെ മടങ്ങിപ്പോക്ക് തങ്ങള്‍ക്ക് ഭീഷണിയാവില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു. വരുന്ന ലോക് സഭ തെരഞ്ഞടുപ്പില്‍ ബിജെപി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്ന് ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷങ്ങളും പിന്നാക്ക‑ദളിത് ആദിവാസി വിഭാഗവും മോഡി ഭരണത്തില്‍ അനുഭവിച്ച യാതനകള്‍ വോട്ടായി പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയാണ് ഇന്ത്യ സഖ്യമെന്നും തെരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാര്‍ സ്ഥാപിച്ച് ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്ന നയമായിരിക്കും സ്വീകരിക്കുയെന്നും മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര ഒരു ദിവസത്തേക്ക് റദ്ദാക്കിയാണ് രാഹുല്‍ ഗാന്ധി മഹാറാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്.
English Summary: Patna Jan Vishwas Yatra
You may also like this video