Site iconSite icon Janayugom Online

രാജ്യസ്നേഹമെന്നത് കേന്ദ്ര ഗവൺമെന്റിനോടുള്ള അമിത വിധേയത്വമല്ല: അഡ്വ. കെ പ്രകാശ് ബാബു

രാജ്യസ്നേഹമെന്നത് കേന്ദ്ര ഗവൺമെന്റിനോടുള്ള അമിത വിധേയത്വമല്ലെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു. കാസർകോട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കേന്ദ്ര ഭരണാധികാരികൾക്കെതിരെയുള്ള പരാമർശംപോലും രാജ്യസ്നേഹത്തിന് എതിരെന്ന നിലയിലാണ് മോഡി സർക്കാർ കാണുന്നത്. വിദേശ നയത്തിൽ വന്ന മാറ്റങ്ങൾ അമേരിക്കൻ വിധേയത്വം മുറുകേ പിടിക്കുന്നതാണ്. മാറ്റങ്ങൾ 2014ന് മുമ്പേ കോൺഗ്രസ് തുടക്കം കുറിച്ചതാണെങ്കിലും അത് തീവ്രമായി കൊണ്ടുപോവുകയാണ് മോഡി സർക്കാർ. ഓരോ ബജറ്റിലും കേന്ദ്രസർക്കാർ കോർപറേറ്റുകൾക്കുള്ള നികുതി കുറയ്ക്കുകയാണ്. രാജ്യത്തെ ഒരു ശതമാനത്തിന്റെ കൈയ്യിലാണ് 40 ശതമാനത്തിന്റെ ദേശീയ സമ്പത്തുള്ളത്. സാമ്പത്തിക അസമത്വം വർധിച്ചുവരികയാണെന്ന് ബിജെപി നേതാവ് നിതിൻ ഗഡ്കരി തന്നെ പറയുന്നു. 

ഫാസിസത്തിനെതിരായ പോരാട്ടമാണ് കമ്മ്യൂണിസ്റ്റുകൾ ഈ കാലഘട്ടത്തിൽ ഏറ്റവും പ്രധാനമായും ഏറ്റെടുക്കേണ്ടത്. ഇന്ത്യൻ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കടമയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പി എ നായർ പതാക ഉയർത്തി. ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാർ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ മന്ത്രി ജി ആർ അനിൽ, പി വസന്തം, സി പി മുരളി, കെ കെ അഷറഫ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി പി ബാബു പ്രവർത്തന റിപ്പോർട്ടും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എം അസിനാർ, വി രാജൻ എന്നിവര്‍ രക്തസാക്ഷി, അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. ടി കൃഷ്ണൻ, എം അസിനാർ, എം കുമാരൻ, പി ഭാർഗവി, എം സി അജിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. കെ എസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു. പുതിയ ജില്ലാ കൗൺസില്‍, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പോടെ പ്രതിനിധി സമ്മേളനം നാളെ സമാപിക്കും.

Exit mobile version