Site iconSite icon Janayugom Online

പിതാവ് ഗൗതംദാസല്ല, ദാമോദര്‍ദാസ് ; പവൻ ഖേര നിരുപാധികം മാപ്പു പറഞ്ഞു

‘നരസിംഹറാവുവിന് ജെപിസി രൂപീകരിക്കാമെങ്കിൽ, അടൽ ബിഹാരി വാജ്പേയ്ക്ക് ജെപിസി രൂപീകരിക്കാമെങ്കിൽ, നരേന്ദ്ര ഗൗതം ദാസിന് എന്താണ് പ്രശ്നം? ക്ഷമിക്കണം, ദാമോദർ ദാസിന്’ — കോൺഗ്രസ് വക്താവ് പവൻ ഖേര തന്റെ ഈ പരാമർശത്തിൽ മാപ്പ് പറഞ്ഞു. പ്രസ്താവന നാക്ക് പിഴയാണെന്നും പ്രസ്താവന ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉപയോഗിച്ചതല്ലാത്തതിനാൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്നും ഖേരക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു ​​സിംഗ്വി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഖേര മാപ്പ് പറഞ്ഞിരിക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

പവൻ ഖേരയുടെ വാക്കുകൾ മുഖവിലക്കെടുത്ത്, എഫ്ഐആറിൽ പരാമർശിച്ചിരിക്കുന്ന വകുപ്പുകളിലേക്ക് നയിച്ചിട്ടില്ലെന്ന് സുപ്രീം കോടതി അംഗീകരിച്ച് ഇന്നലെ ഇടക്കാല ജാമ്യം നല്‍കിയതാണ്. ഖേരയ്ക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും കൈമാറാനും ക്ലബ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ അച്ഛനെ മാറ്റിയെന്ന കുറ്റംചുമത്തി ഹസ്രത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കേസെടുത്തത്. മോഡിയെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന പേരിൽ ഖേരയ്ക്കെതിരെ ലഖ്നൗ, വാരണാസി, അസം എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

അറസ്റ്റും കോലാഹലവും കണ്ടതോടെ ഖേര ചെയ്ത കുറ്റമെന്തെന്ന് തേടുകയായിരുന്നു പലരും. നരേന്ദ്ര ദാസിനിടയിലെ ദാമോദറിന് പകരും അഡാനിയുടെ ആദ്യനാമമായ ഗൗതം ചേർത്തു. അഡാനി വിഷയവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ തൊട്ടടുത്തിരുന്ന ആളോട് മോഡിയുടെ പേരിലുള്ളത് ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ എന്ന് ചോദിച്ചതായും തെളിവുണ്ടത്രെ. ഇതിന്റെ പേരിൽ പവൻ ഖേരയ്ക്കെതിരെ തയ്യാറാക്കിയ എഫ്ഐആറിൽ ചേർത്തത് വൻ കുറ്റങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ട് ക്രിമിനൽ ഗൂഢാലോചന, വർഗീയ ചേരിതിരിവ് സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഖേരയ്ക്കെതിരെ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്.

സംഭവിച്ചതിന്  ‘പ്രതിയായ (കോൺഗ്രസ് നേതാവ് പവൻ ഖേര) നിരുപാധികം മാപ്പ് പറഞ്ഞു. പൊതു ഇടങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണ്ടതിനാൽ ഇനി ആരും ഇത്തരം സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’, പവന്‍ ഖേരയുടെ മാപ്പുപറച്ചില്‍ വെളിപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് പരാർട്ടിയുടെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റായ്പൂരിലേക്ക് പോകവെയായിരുന്നു നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി അറസ്റ്റ് ചെയ്തത്. അസം പൊലീസിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ഡൽഹിയിൽ നിന്ന് റായ്പൂരിലേക്കുള്ള വിമാനത്തിൽ ഇരിക്കവെ ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഖേരയെ പുറത്തിറക്കിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. റായ്പൂരിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെയാണ് അറസ്റ്റ് ഉണ്ടായത്.

Eng­lish Sam­mury: pavan khera case; accused has ten­dered an uncon­di­tion­al apology

Exit mobile version