കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയം രാജ്യത്തെ ഭരണഘടനയുടെയും ധാർമികതയുടെയും വിജയമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സമാധാനപരമായ സമരം ഭരണഘടനാ ദിനത്തില്‍ ഒരു വർഷത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന് ഉറച്ച ബദലാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരം അവരുടെ താല്പര്യങ്ങളെ മാത്രമല്ല, ഭരണഘടനയെയും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കുന്നതിനുള്ള വലിയ ലക്ഷ്യത്തെയും പ്രതിനിധീകരിക്കുന്നു.
കർഷകരുടെയും തൊഴിലാളിവർഗങ്ങളുടെയും ഇതുവരെയില്ലാത്ത ഐക്യത്തിനാണ് കര്‍ഷകസമരത്തിലൂടെ രാജ്യം സാക്ഷ്യം വഹിച്ചത്. തൊഴിലാളി സംഘടനകൾ, കർഷകത്തൊഴിലാളികൾ, സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, മറ്റ് പൗര സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ പിന്തുണയോടെ കർഷക പ്രസ്ഥാനം രാജ്യത്തുടനീളം ഒറ്റക്കെട്ടായി ഉയർന്നുവന്നു. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കി സമരത്തെ അടിച്ചമര്‍ത്താനാണ് നരേന്ദ്ര മോഡി സര്‍ക്കാരും ബിജെപിയും ശ്രമിച്ചത്.
ആഴമില്ലാത്ത മാപ്പ് പ്രസ്താവനകൊണ്ട് എഴുന്നൂറിലേറെ കര്‍ഷകരുടെ ജീവനെടുത്തതില്‍ നിന്നും മോഡിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സമരംചെയ്ത കർഷകരെ കൊലപ്പെടുത്തുകയും ബന്ധപ്പെട്ട മന്ത്രി ശിക്ഷയില്ലാതെ അധികാരത്തില്‍ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഭരണഘടനാ ദിനം എന്താണ് അർത്ഥമാക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷക സമരത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. തൊഴില്‍ നിയമം, വൈദ്യുതി ഭേദഗതി ബിൽ, സിഎഎ-എൻആർസി എന്നിവയ്ക്കെതിരെ സമരം ശക്തമാക്കാന്‍ കര്‍ഷകവിജയം കരുത്തുപകരും. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പ്രചാരണം സിപിഐ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
english summary;Peasant Success An Alternative to Polarizing Politics: D Raja
you may also like this video;