ഇസ്രയേലി ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഏറ്റവും അധികം ലക്ഷ്യമിട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരുന്നുവെന്ന് കോടതി രേഖകള്‍. 2019ല്‍ പെഗാസസിന്റെ ഇരകളക്കാപ്പെട്ട 1223 പേരില്‍ 100 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. പെഗാസസ് നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വാട്‌സ്ആപ്പ് യുഎസ് കോടതിയില്‍ നല്‍കിയ രേഖയിലാണ് രാജ്യം തിരിച്ചുള്ള ഇരകളുടെ എണ്ണം വ്യക്തമാക്കിയത്.
2019ല്‍ വാട്‌സ്ആപ്പ് വഴി പെഗാസസ് പ്രചരിപ്പിക്കുകയും സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 1400 പേരെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ മെറ്റ നിയമനടപടി സ്വീകരിച്ചിരുന്നു. കേസില്‍ വാട്‌സ്ആപ്പിന്റെ ഉടമസ്ഥാപനമായ മെറ്റയ്ക്ക് അനുകൂലമായാണ് വിധി വന്നത്. എന്നാല്‍ കേസില്‍ മെറ്റയ്ക്ക് എന്ത് നഷ്ടപരിഹാരം നല്‍കണമെന്നതില്‍ കോടതി വിധി വന്നിട്ടില്ല.
2019 ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 51 വ്യത്യസ്ത രാജ്യങ്ങളിലായി 1223 പേരെയാണ് പെഗാസസ് ലക്ഷ്യമിട്ടതെന്ന് വാട്‌സ്ആപ്പ് സമര്‍പ്പിച്ച രേഖ വ്യക്തമാക്കുന്നു. മെക്‌സിക്കോയില്‍ നിന്നുള്ളവരെയാണ് ഏറ്റവും അധികം ലക്ഷ്യമിട്ടത്. 456 പേരാണ് ഇവിടെ ഇരയാക്കപ്പെട്ടത്. ബെഹ്‌റിന്‍ (82), മൊറോക്കോ (69), പാകിസ്ഥാന്‍ (58) എന്നീ രാജ്യങ്ങളും പിന്നിലുണ്ട്.
പെഗാസസ്: ഏറ്റവും അധികം ലക്ഷ്യമിട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യ

