പ്രേത സിനിമകളിലെ സ്ഥിരം നമ്പറുകളാണ് തനിയെ തുറക്കുന്ന ജനാലകൾ വാതിലുകൾ, ആഞ്ഞു വീശുന്ന കാറ്റ് മുതലായവ. കാഴ്ചക്കാരെ സംഭ്രമിപ്പിക്കാൻ ചെയ്യുന്ന ചില പൊടിക്കൈകൾ, പക്ഷേ യഥാർത്ഥത്തിൽ നമ്മുടെ സ്മാർട്ട്ഫോണുകളിൽ നമ്മളറിയാതെ തന്നെ നമ്മുടെ കോളുകൾ റെക്കോഡ് ചെയ്യുക, കാമറ പ്രവർത്തിപ്പിക്കുക നമ്മളറിയാതെ രഹസ്യമായി ആപ്പുകളും ഫയലുകളും മറ്റും ഫോണിൽ നിക്ഷേപിക്കുക തുടങ്ങിയ പ്രവൃത്തികൾ പുറത്തുള്ള ഏതോ കേന്ദ്രങ്ങളുടെ നിർദേശമനുസരിച്ച് നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുക, വിവരങ്ങൾ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് നല്കിക്കൊണ്ടിരിക്കുകയും അതിന്റെ ആജ്ഞകൾ നടപ്പിലാക്കുകയും ചെയ്യുക. ഇത് ഒരു ഭീകര സിനിമയിലെ ഭാവനയല്ല ആ യാഥാർത്ഥ്യമാണ് എൻഎസ്ഒ എന്ന ഇസ്രയേൽ കമ്പനി നിർമ്മിച്ച് അവർ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾക്ക് മാത്രം നല്കുന്ന ചാര സോഫ്റ്റ്‌വേർ പെഗാസസ്. 2018 ഒക്ടോബർ മാസം ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് ജമാൽ ഖഷോഗി എന്ന സൗദി വിമതൻ കൊല്ലപ്പെടുന്നതിനു മാസങ്ങൾക്കുമുമ്പുതന്നെ അദ്ദേഹത്തിന്റെ ഭാര്യ ഹനാൻ എൽത്തറിന്റെ ഫോണിൽ ഈ ചാര സോഫ്റ്റ്‌വേർ അവരറിയാതെ കടത്തിവിട്ടു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് ഖഷോഗിയുടെ നീക്കങ്ങൾ നിരീക്ഷിക്കപ്പെട്ടത്. ഫോർബിഡൻ സ്റ്റോറീസ് എന്ന പാരീസിലെ എൻജിഒ, ആംനെസ്റ്റി ഇന്റർനാഷണൽ എന്നീ സംഘടനകൾ 2016 മുതൽ വിവിധ സർക്കാരുകൾ സ്വന്തം പൗരന്മാർക്ക് എതിരെ ഈ ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തി എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. എൻഎസ്ഒ എന്ന കമ്പനിയുടെ ഉപയോക്താക്കളുടെ ലിസ്റ്റിൽ ഇന്ത്യ ഉൾപ്പെടുന്നു എന്ന റിപ്പോർട്ടിന് ആസ്പദമായ കാര്യം ആ ചാര സോഫ്റ്റ്‌വേർ സാന്നിധ്യം കണ്ടെത്തിയ ഫോൺ നമ്പറുകളിൽ ഇന്ത്യയിൽ നിന്നുള്ളവ ഉൾപ്പെടുന്നു എന്നതാണ്. കമ്പനി ആവർത്തിച്ചു പറയുന്നത് രാഷ്ട്രസർക്കാരുകൾക്ക് മാത്രമേ ഈ സോഫ്റ്റ്‌വേർ വില്കാറുള്ളൂ എന്നാണ്. അങ്ങനെയെങ്കിൽ ഇന്ത്യയിൽ അവരുടെ ഉപഭോക്താവ് ആരാണ്? ഇന്ത്യയിൽനിന്ന് ഇന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പരിശോധന നടത്തിയ ഫോണുകളിൽ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്ന് 300ലധികം ഫോണുകളിൽ ഇതിന്റെ സാന്നിധ്യമുണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇതിൽ നരേന്ദ്രമോഡി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരുടെയും മൂന്നു പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിയുടെയും അനേകം മാധ്യമ പ്രവർത്തകരുടെയും സാമൂഹ്യപ്രവർത്തകരുടെയും പേരുകളുണ്ട് എന്നാണ് വാർത്ത, നാല്പതിലധികം മുഖ്യധാരാ മാധ്യമ പ്രവർത്തകരുടെ ഫോണുകൾ നിരീക്ഷിക്കപ്പെട്ടത്രേ. ഇതിൽ അമിത്ഷായുടെ മകന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് തുടർച്ചയായി റിപ്പോർട്ട് ചെയ്ത രോഹിണി സിങ്, റഫേൽ ഇടപാടുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്സ്പ്രസിലെ സുഷാന്ത് സിങ് ഹിന്ദുസ്ഥാൻ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ ശിശിർ ഗുപ്ത, പ്രമുഖ പത്രപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, മുസാമിൽ ജലീൽ, എം കെ വേണു, ഗോപീകൃഷ്ണൻ എന്നിവരെല്ലാം നിരീക്ഷിക്കപ്പെട്ടു.
ഇതുകൂടി വായിക്കാം; പെഗാസസ് എന്ന ആകാശക്കുതിര
മേൽപ്പറഞ്ഞ പശ്ചാത്തലത്തിലാണ് ഭീമ കൊറെഗാവ് വിൽ 2018 ജനുവരി ഒന്നിന് ബ്രിട്ടീഷുകാരും മറാത്തകളുമായി ഉണ്ടായ യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികം ആചരിക്കാൻ എത്തിയ ദളിതർക്കെതിരെ നടന്ന അക്രമസംഭവങ്ങളിൽ അക്രമികൾക്കെതിരെ നടപടി എടുക്കുന്നതിനു പകരം ആക്രമിക്കപ്പെട്ട, കൊല്ലപ്പെട്ട ദളിതർക്കെതിരെയും അവർക്കായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരെയും എൻഐഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. രാജ്യമൊട്ടാകെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായ വരവരറാവു, സുധാഭരദ്വാജ്, ആനന്ദ് തെൽത്തുംമ്പെ, ഷോമാ സെൻ, ഗൗതം നവൽക്കർ, വെർനോൺ ഗോൺസാൽവസ്, ഡൽഹി യൂണിവേഴ്‌സിറ്റി അധ്യാപകനും മലയാളിയുമായ ഹാനി ബാബു, ജീവിതകാര്യം മുഴുവൻ പാവങ്ങള്‍ക്കുവേണ്ടി ജീവിച്ച വയോധികനായ ജസ്യൂട്ട് പുരോഹിതൻ സ്റ്റാൻസ്വാമി എന്നിവർ അറസ്റ്റ് ചെയ്യപെട്ടവരിലുണ്ടായി. പാർക്കിൻസൺ ഉൾപ്പെടെ വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന ഫാദർ സ്റ്റാൻസ്വാമി, ജയിൽവാസം അനുഭവിച്ചുകൊണ്ടിരിക്കെ മരണത്തിന് കീഴടങ്ങി. റോണി വിൽസൺ, പ്രൊഫ. ഹാനി ബാബു, ഫാദർ സ്റ്റാൻസ്വാമി ഇവരെല്ലാം അവരുടെ കമ്പ്യൂട്ടറുകളിൽ അവർ അറിയാതെ ഹാക്ക് ചെയ്ത് പല ഫയലുകളും തിരുകി കയറ്റി എന്ന് ആരോപിച്ചിരുന്നു. ഇങ്ങനെ നിക്ഷേപിച്ച ഫയലുകൾ വഴിയാണ് ഇവർ രാഷ്ട്രത്തിനെതിരെ ഗൂഢാലോചന നടത്തി എന്ന കഥ കെട്ടിച്ചമച്ചത് എന്നാണ് അവർ പറഞ്ഞത്. റോണി വിൽസന്റെ കമ്പ്യൂട്ടറിൽ വ്യാജ തെളിവുകൾ ചാര സോഫ്റ്റ്‌വേർ മുഖേന സ്ഥാപിച്ചതെന്ന് നേരത്തെതന്നെ യുഎസ് ഡിജിറ്റൽ സ്ഥാപനമായ ആർസണൽ കൺസൾട്ടൻസി കണ്ടെത്തിയിരുന്നു. ഇപ്പോൾ കൂടുതൽ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് എന്നാണ് വാർത്ത. അറസ്റ്റിൽ ആവുന്നതിനു മുൻപ് പലപ്പോഴായി ഫോണിൽ 49 തവണ ആക്രമണമുണ്ടായി. ഈ വ്യാജ തെളിവുകളാണ് മാവോവാദി സംഘടനകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടത്. 16 മനുഷ്യാവകാശ പ്രവർത്തകർ ആണ് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലായത്. ഇക്കാര്യം കോടതി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നാണ് അഭിഭാഷകർ ഇപ്പോൾ ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് പെഗാസസ് എന്ന ചാര സോഫ്റ്റ്‌വേർ ഏതെങ്കിലും സർക്കാർ ഏജൻസി വാങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല. ഇതേ കേസിൽ ജാമ്യം ലഭിച്ച വയോധികനായ വരവരറാവുവിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഇപ്പോൾ എൻഐഎ ആവശ്യപ്പെടുന്നത്. ഈയിടെ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ സുധാ ഭരദ്വാജിന് ബോംബെ ഹെെക്കോടതി ജാമ്യം അനുവദിച്ചു. മറ്റ് സാമൂഹ്യപ്രവർത്തകർ വർഷങ്ങളായി ഇപ്പോഴും വിചാരണ തടവുകാരായി തുടരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ റോണി വിൽസന്റെ കമ്പ്യൂട്ടറിൽ പെഗാസസ് ചാര സോഫ്റ്റ്‌വേർ നിക്ഷേപിക്കപ്പെട്ടു എന്ന് കണ്ടെത്തിയതിൽ നേരിട്ട് പ്രതിസ്ഥാനത്ത് വരുന്നത് കേന്ദ്ര സര്‍ക്കാരാണ്. കാരണം വിവിധ രാജ്യങ്ങളിലെ സർക്കാരുകൾക്ക് മാത്രമാണ് ഈ സോഫ്റ്റ്‌വേർ വില്പന നടത്തിയത് എന്നാണ് എൻഎസ്ഒ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ വ്യാജ തെളിവുകൾ സൃഷ്ടിച്ച് മനുഷ്യാവകാശ പ്രവർത്തകരെ ജയിലിലടച്ചു എന്ന് തെളിയിക്കപ്പെട്ടാൽ അത് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ വിശ്വാസ്യത പൂർണമായും തകർക്കപ്പെടും. ഈ മനുഷ്യർ വർഷങ്ങളോളം വിചാരണത്തടവുകാരായി ജയിലിൽ കിടന്ന് അനുഭവിച്ച യാതനകൾക്ക്, വയോധികനായ പുരോഹിതൻ സ്റ്റാൻസ്വാമിയുടെ മരണത്തിന് എല്ലാംതന്നെ കേന്ദ്രസർക്കാർ ഉത്തരം നല്കേണ്ടിവരും.