Site iconSite icon Janayugom Online

കൊച്ചു സംഘങ്ങളായൊഴുകി ജന സാഗരമായിരമ്പി

കേന്ദ്രീകരിച്ച പ്രകടനമായിരുന്നില്ല, വിവിധ പ്രദേശങ്ങളിൽ നിന്ന് ഏർപ്പെടുത്തിയ വാഹനങ്ങളിലും കിട്ടിയ ബസുകളിലും നടന്നും സഞ്ചരിച്ചെത്തിയ പ്രവർത്തകർ പഞ്ചാബ് മണ്ഡി ബോർഡിന് സമീപത്തെ ഹാളിലേക്ക് ഒഴുകുന്നു. പലരും ട്രാക്ടറുകളില്‍ റാലി സ്ഥലത്തേക്ക് എത്തുന്നു. ഒരു കയ്യിൽ ചെങ്കൊടി പിടിച്ച് മുഷ്ടി ചുരുട്ടി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചും പാട്ടുകൾ പാടിയും കൊച്ചുകൊച്ചു കൂട്ടങ്ങളായെത്തി ജനമഹാസമുദ്രമായി ഹാളിലും പരിസരങ്ങളിലുമായവർ ചുവപ്പായിരമ്പി.
മണ്ഡി ഹാളിലെ പതിനായിരത്തോളം കസേരകള്‍ നിറഞ്ഞ് പരിസരങ്ങളെയും ജനസമുദ്രമാക്കിയാണ് സിപിഐ 25-ാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള റാലി തുടങ്ങിയത്. 11 മണിയോടെ വേദിയില്‍ നാടന്‍ പാട്ടുകളും വിപ്ലവഗാനങ്ങളുമായി സാംസ്കാരിക പരിപാടികള്‍ മുന്നേറുമ്പോഴും പുറത്ത് ചെറുപ്രകടനങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ നിന്ന് പുറപ്പെട്ടവര്‍ എത്തിക്കൊണ്ടിരുന്നു. കുടുംബങ്ങളായെത്തിയ കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും തൊഴിലാളികളും പഞ്ചാബിന്റെ ഗ്രാമങ്ങളിലെ ചെങ്കൊടി സാന്നിധ്യത്തിന്റെ വ്യാപ്തി വിളിച്ചോതുന്നതായി.
ഹാളില്‍ കടക്കാനാകാത്തതിനാല്‍ അക്ഷരങ്ങള്‍ക്ക് വിവരിക്കാനാകാത്ത ആവേശവും വീര്യവുമായി അവര്‍ പുറത്ത് പൊരി വെയിലത്ത് തളര്‍ച്ചയില്ലാതെ മുദ്രാവാക്യങ്ങൾ മുഴക്കിയും വിപ്ലവഗാനങ്ങളും നാടൻപാട്ടുകളും ആലപിച്ചും നിലയുറപ്പിച്ചു. എല്ലാവരും തങ്ങളുടെ പ്രതീക്ഷയായി കയ്യിലേന്തിയ ചെങ്കൊടികള്‍ വീശുന്നുണ്ടായിരുന്നു.
പൊതുസമ്മേളനം ആരംഭിക്കുന്നതിന് അല്പനേരം മുമ്പ് ഒരു കിലോമീറ്റർ അകലെ നിന്ന് ആയിരക്കണക്കിന് റെഡ് വോളണ്ടിയർമാർ അണിനിരന്ന മാർച്ച് ദീപശിഖയുമായി പുറപ്പെട്ടു. പാര്‍ട്ടിയുടെ ജനസേവാ ദളിനൊപ്പം വോളണ്ടിയര്‍മാരിലെ ഭൂരിപക്ഷവും ഭഗത് സിങ്ങിന്റെ പേരില്‍ രൂപീകരിച്ച സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായിരുന്നു. അതുകൊണ്ടുതന്നെ യുവാക്കളും വിദ്യാര്‍ത്ഥികളുമായിരുന്നു കൂടുതല്‍. ഗതാഗത തടസം തീർക്കാതെ അവർ വീഥികളെ ചുവപ്പിച്ചൊഴുകി ഹാളിലേക്ക് കടന്നു. അതിനുശേഷമാണ് പൊതു സമ്മേളനം ആരംഭിച്ചത്.
കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും വിവിധ ഉപകരണങ്ങളുമായി സംഗീതപ്പെരുമഴയും തീര്‍ത്ത വോളണ്ടിയര്‍ മാര്‍ച്ച് നേരത്തെയെത്തിയ പതിനായിരങ്ങളെയും പ്രതിനിധികളെയും ആവേശത്തിന്റെ ഉന്നതിയിലെത്തിച്ചു.

Exit mobile version