വിസ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക. സന്ദർശക വിസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ അജിത് കോളശേരി അറിയിച്ചു.
സന്ദർശക വിസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാൽ അതു നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുകയും പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വരാം. ഇന്ത്യയിലേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. പലപ്പോഴും ഏജൻസി വാഗ്ദാനം ചെയ്ത ജോലി ആവില്ല അവിടെ ചെല്ലുമ്പോൾ ലഭിക്കുന്നതും. കൃത്യമായ ശമ്പളമോ, ആഹാരമോ, താമസ സൗകര്യമോ, തൊഴിൽ നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കില്ല. ഇത്തരത്തിൽ പോയ പലരും തിരിച്ചു വരുന്നില്ല. അവരുടെ സ്ഥിതി എന്താണെന്നു പോലും അറിയാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ഇങ്ങനെയുള്ളവരെ പിന്നീട് ബന്ധപ്പെടാൻ കഴിയാറില്ലെന്നതും ആശങ്കപ്പെടുത്തുന്നതാണ്.
ഇന്ത്യയിൽനിന്നും സന്ദർശക വീസയിൽ ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങൾ വിശ്വസിച്ചു മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, മ്യാൻമാർ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ നിരവധി പേർ തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസൻസ് ഉള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകുന്നുള്ളെന്ന് തൊഴിൽ അന്വേഷകർ ഉറപ്പുവരുത്തണം. തൊഴിൽ വിസയുടെ ആധികാരികത, തൊഴിൽ നൽകുന്ന കമ്പനിയുടെ വിവരങ്ങൾ, റിക്രൂട്ട്മെന്റ് ഏജൻസിയുടെ പ്രവർത്തന മികവ്, മുൻപ് തൊഴിൽ ലഭിച്ചവരുടെ അഭിപ്രായം എന്നിവ തൊഴിൽ അന്വേഷകർ കൃത്യമായി മനസിലാക്കണം. റിക്രൂട്ട്മെന്റ് ഏജൻസിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാണോയെന്ന് ഇ‑മൈഗ്രേറ്റ് പോർട്ടൽ മുഖേന തൊഴിൽ അന്വേഷകർക്ക് എളുപ്പത്തിൽ പരിശോധിക്കാവുന്നതാണെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫിസർ അറിയിച്ചു.