Site iconSite icon Janayugom Online

പെരിയ ഇരട്ടക്കൊലകേസ് : പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി. എട്ടാം പ്രതി സുബീഷും പതിനഞ്ചാം പ്രതി സുരേന്ദ്രനുമാണ് പരോൾ അപേക്ഷ നൽകിയിരിക്കുന്നത്. വിധി വന്ന് ഒരു മാസത്തിനുള്ളിലാണ് അപേക്ഷ. വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നൽകിയിരിക്കുന്നതെന്നാണ് വിവരം. പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് എത്തിയിട്ടുണ്ട്. 

ബേക്കൽ പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരോളിൽ തീരുമാനമുണ്ടാകുകയെന്നാണ് റിപ്പോർട്ട്. 2019 ഫെബ്രുവരി 17‑നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കൃത്യം നടന്ന് ആറു വർഷം പൂർത്തിയാകുന്ന അന്നുതന്നെയാണ് പ്രതികളുടെ പരോൾ അപേക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെ പത്തുപ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. 

സിപിഐ(എം) പ്രാദേശികനേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27‑നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. 22 മാസംകൊണ്ടാണ് വിചാരണ പൂർത്തിയാക്കി ശിക്ഷവിധിച്ചത്. ഡിസംബർ 28‑ന് 14 പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയക്കുകയുംചെയ്തു.

Exit mobile version