Site iconSite icon Janayugom Online

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റില്ല; പരിഹാരത്തിന് മനുഷ്യാവകാശ കമ്മീഷൻ

ലിഫ്റ്റ് സൗകര്യമില്ലാത്തതിനാൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ രോഗികളെ സ്ട്രക്ചറിൽ ചുമന്ന് രണ്ടാം നിലയിലെത്തിക്കുന്ന സാഹചര്യത്തിൽ രോഗികളും ജീവനക്കാരും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജില്ലാ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി ഡിഎംഒയുടെ റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് താലൂക്ക് ആശുപത്രിയിൽ അടിയന്തര പരിശോധന നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. 

പരിശോധനയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡിഎംഒ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ കാലതാമസം കൂടാതെ പരാതിക്ക് പരിഹാരം കാണണം. ആശുപത്രിയിൽ നടന്നു വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത സാഹചര്യം ഡിഎംഒ പരിശോധിച്ച് മൂന്നാഴ്ചക്കകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
അടിയന്തര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സമയം, നിർമ്മാണം യഥാസമയം പൂർത്തിയാക്കാത്തതിന്റെ കാരണങ്ങൾ എന്നിവ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. താലൂക്ക് ആശുപത്രി സൂപ്രണ്ട് മൂന്ന് ആഴ്ചക്കകം പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണം. ആരോഗ്യവകുപ്പ് ഡയറക്ടറും പെരുമ്പാവൂർ മുൻസിപ്പാലിറ്റി സെക്രട്ടറിയും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 22ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഡിഎംഒ, ഡിഎച്ച്എസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട്, പെരുമ്പാവൂർ മുൻസിപ്പാലിറ്റി സെക്രട്ടറി എന്നിവരുടെ പ്രതിനിധികൾ ഹാജരാകണം. 

Exit mobile version