Site icon Janayugom Online

ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം

രാജ്യത്തെ ജനങ്ങളെ-പ്രത്യേകിച്ച് പ്രതിപക്ഷത്തെ നിരന്തരം നിരീക്ഷിക്കുകയും വേട്ടയാടുകയും ചെയ്യുക എന്നുള്ളത് ഫാസിസ്റ്റ്, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ മുഖമുദ്രയാണ്. ഇന്ത്യയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടവും അതിൽനിന്ന് വേറിട്ടുനിൽക്കുന്നില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വിവിധ പേരുകളിൽ വ്യക്തികളുടെ വിവരങ്ങൾ സമാഹരിക്കുന്നതും ആധാർപോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതും അതിന്റെ ഭാഗമാണ്. അങ്ങനെ സമാഹരിക്കുന്ന വിവരങ്ങൾ ചോർത്തിനൽകി ധനസമ്പാദനം നടത്തുന്നതിന്റെ വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് സമാഹരിക്കപ്പെട്ട വിവരങ്ങൾ വില്പന നടത്തിയതിന്റെ ഒന്നിലധികം വാർത്തകൾ നേരത്തെ തന്നെയുണ്ടായി. അതിന് പുറമേയാണ് ഏറ്റവും വലിയ വിവരചോർച്ച നടന്നു എന്നതിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നത്. 81.5 കോടി പേരുടെ കോവിഡ് പരിശോധനാ വിവരങ്ങളാണ് ചോർന്നത്. അമേരിക്കൻ സൈബർ സുരക്ഷാ ഇന്റലിജൻസ് ഏജൻസിയാണ് ഇക്കാര്യം കണ്ടെത്തിയത്. നാല് ലക്ഷം ആധാർ വിവരങ്ങൾ ഉൾപ്പെടുത്തിയ മാതൃകയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരുടെ സ്വകാര്യ രേഖകളും ഇതിൽ ഉൾപ്പെടുന്നു. പുതിയ കാലത്തിന്റെ പ്രത്യേകതയായ സൈബറിടങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് എളുപ്പവഴികൾ ഒരുക്കിക്കൊടുക്കുന്ന ദാസ്യപ്പണി മാത്രമല്ല ഇതിലൂടെ നടക്കുന്നത്. ജനങ്ങളുടെ ആരോഗ്യ സംബന്ധിയായ വിവരങ്ങൾ സമാഹരിച്ച് ആഗോള മരുന്ന് കമ്പനികളുടെ വിപണി സാധ്യതകൾ വിപുലമാക്കി നൽകുകയുമാണ്. കൂടാതെ ഈ വിവരങ്ങളെല്ലാം കേന്ദ്ര സർക്കാരും അതിന്റെ അനുബന്ധ ഏജൻസികളും പൗരന്മാരെ നിരീക്ഷിക്കുന്നതിനുള്ള ഉപാധിയാക്കുകയും ചെയ്യുന്നു.

യഥാർത്ഥത്തിൽ നിരന്തര നിരീക്ഷണത്തിന് അവസരമൊരുക്കി, മറ്റൊരു തരത്തിൽ ജനങ്ങളെ വേട്ടയാടലാണ് ഈ നടപടികളിലൂടെ സംഭവിക്കുന്നത്. ഇതിനെക്കാൾ ഞെട്ടലുണ്ടാക്കുന്ന വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഏജൻസികളെയും മറ്റ് ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ ഫോണുകൾ ചോർത്തുന്നുവെന്ന ഗുരുതര ആരോപണമാണത്. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ ഫോണിലേക്ക് വന്ന സന്ദേശങ്ങളാണ് ഇക്കാര്യം വ്യക്തമാകുന്നത്. സർക്കാർ പിന്തുണയോടെ ചോർത്തുന്നുവെന്ന സൂചനകളാണ് സന്ദേശം നൽകുന്നത്. സർക്കാർ സ്പോൺസർ ചെയ്യുന്ന ആക്രമണകാരികൾ നിങ്ങളുടെ ഐ ഫോണിനെ ലക്ഷ്യം വച്ചേക്കാമെന്നും നിങ്ങൾ ആരാണെന്നും എന്താണ് ചെയ്യുന്നതെന്നുമുള്ള വ്യക്തിപരമായ നിരീക്ഷണമാണ് നടക്കാനിടയുള്ളത്, സുപ്രധാനവും സങ്കീർണവുമായ വിവരങ്ങൾ, നടത്തുന്ന ആശയ വിനിമയങ്ങൾ, ദൃശ്യങ്ങൾ എന്നിവയെല്ലാം നഷ്ടമാകാനിടയുണ്ട് എന്നിങ്ങനെയുള്ള മുന്നറിയിപ്പുകളാണ് പ്രതിപക്ഷ നേതാക്കൾ, പ്രമുഖ മാധ്യമ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ ഫോണിലെത്തിയത്. ഇതൊരു തെറ്റായ സൂചനയാകാമെങ്കിലും മുന്നറിയിപ്പ് ഗൗരവത്തോടെ കാണമെന്നും സന്ദേശത്തിലുണ്ട്. ഏത് ഭരണകൂടമാണ് ഇതിന് പിന്നിലെന്ന് സ്പഷ്ടമായി പറയുന്നില്ലെങ്കിലും നരേന്ദ്ര മോഡി സർക്കാർ തന്നെയാണെന്ന നിഗമനത്തിലെത്താവുന്ന നിരവധി സാഹചര്യത്തെളിവുകളുണ്ട്. പ്രധാനം ഈ സന്ദേശങ്ങൾ ലഭിച്ച നേതാക്കൾ പ്രതിപക്ഷ പാർട്ടികളിലും സർക്കാർ വിമർശനപക്ഷത്തുമുള്ളവരുമാണ് എന്നതുതന്നെ. വെളിപ്പെടുത്തൽ പുറത്തുവന്നപ്പോൾ കേന്ദ്ര സർക്കാർ ദുർബലമായ വിശദീകരണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. 150 രാജ്യങ്ങളിലും പലർക്കായി സന്ദേശം ലഭിച്ചുവെന്നതാണ് ഒന്നാമത്തേത്. അൽഗോരിതത്തിൽ സംഭവിച്ച പിഴവാണെന്നാണ് രണ്ടാമത്തെ ന്യായീകരണം. ഏതായാലും ഇന്ത്യയിലെ ഭരണാധികാരികൾ അതിലുൾപ്പെട്ടുവെന്നത് യാദൃച്ഛികമല്ല. രണ്ടാമത്തെ ന്യായീകരണം പരിശോധിച്ചാൽ അൽഗോരിതത്തിലെ പിഴവ് എന്തുകൊണ്ട് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളുടെ ഫോണിൽ മാത്രം സന്ദേശമെത്തിയെന്ന ചോദ്യം അവശേഷിക്കുന്നു.


ഇതുകൂടി വായിക്കൂ: അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കൊല്ലരുത്


ഭരണകക്ഷിയിൽപ്പെട്ട ഒരാൾക്ക് പോലും സന്ദേശം ലഭിച്ചില്ലെന്നത് കൗതുകകരവുമാണ്. സന്ദേശം ലഭിച്ചതായി പുറത്തുവന്ന പേരുകൾ പരിശോധിച്ചാൽതന്നെ ഇതിന് പിന്നിലെ കേന്ദ്ര സർക്കാരിന്റെ പങ്ക് സുവ്യക്തമാണ്. എംപിമാരായ മഹുവ മൊയ്ത്ര (ടിഎംസി), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ദവ് വിഭാഗം), രാഘവ് ഛദ്ദ (എഎപി), കെ സി വേണുഗോപാൽ, രേവത് റെഡ്ഡി, ശശി തരൂർ (കോൺഗ്രസ്), അസസുദ്ദീൻ ഒവൈസി (എഐഎംഎം), സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിങ്ങനെ പുറത്തുവന്ന എല്ലാ പേരുകളും പ്രതിപക്ഷത്തുള്ളവരുടെതാണ്. രാജ്യത്ത് വളർന്നുവരുന്ന പുതിയ സാഹചര്യങ്ങൾ കേന്ദ്ര സർക്കാരിനെയും അതിനെ നയിക്കുന്ന ബിജെപിയെയും വല്ലാതെ അസ്വസ്ഥപ്പെടുത്തുവെന്നത് വസ്തുതയാണ്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണവും വിവിധ സംസ്ഥാനങ്ങളിൽ നേരിടുന്ന വിരുദ്ധ വികാരങ്ങളും അത്തരമൊരു അവസ്ഥയിൽ അവരെ എത്തിച്ചിരിക്കുകയാണ്. അതുകൊണ്ടാണല്ലോ പ്രതിപക്ഷ നേതാക്കളിൽ പ്രമുഖരെയെല്ലാം, വിവിധ സംസ്ഥാന മന്ത്രിമാരുൾപ്പെടെ ജയിലി‍ൽ അടയ്ക്കുന്നതിനുള്ള നടപടികൾ വിവിധ ഏജൻസികളെ ഉപയോഗിച്ച് വേഗത്തിലാക്കിയിരിക്കുന്നത്. അതിന്റെ ഭാഗം തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലും. ഒരർത്ഥത്തിൽ രാജ്യത്തെ പ്രതിപക്ഷത്തെ നേരിടാൻ ത്രാണിയില്ലാതെ ഇന്ത്യയിലെ ഭരണകൂടം എത്രമാത്രം ഭീതിയോടെയാണ് കഴിയുന്നത് എന്നുകൂടിയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.

Exit mobile version