Site iconSite icon Janayugom Online

റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റ് കഷ്ണങ്ങളും

റെയില്‍വേ പാളത്തില്‍ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷ്ണങ്ങളും വച്ചനിലയില്‍. കണ്ണൂര്‍ ഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുന്ന പാളത്തില്‍ ചെമ്പരിക്ക തുരങ്കത്തിനടുത്ത് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ഇവ കണ്ടെത്തിയത്. കോയമ്പത്തൂര്‍— മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് പാളത്തില്‍ തടസമുള്ളതായി ആദ്യം കണ്ടത്.

ട്രെയിന്‍ പോകുന്നതിനിടെ എന്തോ തട്ടിയതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫും റെയില്‍ പൊലീസും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയ ക്ലോസറ്റിന്റെ ഭാഗങ്ങളും ചെങ്കല്ലും കണ്ടെത്തിയത്. ക്ലോസറ്റിന്റെ ഒരു ഭാഗം സമീപത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

അട്ടിമറി നീക്കമാണെന്ന സംശയത്തില്‍ സമീപത്തെ സിസിടിവി കാമറ പൊലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂരിനും കാസര്‍കോടിനും ഇടയില്‍ പലയിടത്തും ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് പതിവാകുന്നതിനിടെയാണ് ഇത്തരത്തിലുള്ള സംഭവവും ഉണ്ടായിരിക്കുന്നത്.

Eng­lish Sam­mury: cement block and piece of clos­et found in mid­dle of rail­way track

Exit mobile version