Site iconSite icon Janayugom Online

പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് കരുതേണ്ട: മുഖ്യമന്ത്രി

pinarayi vijayanpinarayi vijayan

ജനങ്ങൾക്കുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാത്ത സർക്കാർ ജീവനക്കാരോട് ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് ജീവനക്കാർക്കുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നും ജനങ്ങൾക്കു നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാതെ അവരെ ബുദ്ധിമുട്ടിക്കാമെന്നും കരുതുന്ന ആരോടും ഒരു ദാക്ഷിണ്യവും ഈ സർക്കാരിനുണ്ടാകില്ല. അത്തരം പുഴുക്കുത്തുകളെ കണ്ടെത്താൻ നിങ്ങൾ തന്നെ തയ്യാറാകണമെന്നു കൂടി ഓർമ്മിപ്പിക്കുന്നു. അവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനും അതുവഴി സർക്കാരിന്റെയും സർക്കാർ ജീവനക്കാരുടെ സമൂഹത്തിന്റെയാകെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന്നതിനും പ്രതിജ്ഞാബദ്ധമാണ് ഈ സർക്കാർ.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സമാധാനപൂർണ്ണമായ അന്തരീക്ഷം സംരക്ഷിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമുണ്ട്. സാമ്പത്തികമായും സാമൂഹികമായും എത്രയൊക്കെ ഉന്നതിയിലെത്തിയാലും സമൂഹത്തിലുണ്ടാകുന്ന സംഘർഷങ്ങൾ, കലാപങ്ങൾ എന്നിവ നമ്മുടെ പുരോഗതിയെ പിന്നോട്ടടിക്കും. അത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കാൻ ഭേദചിന്തകൾക്ക് അതീതമായി ചിന്തിക്കുന്ന ഒരു സമൂഹം നിലനിൽക്കേണ്ടതുണ്ട്. ഔദ്യോഗിക തലത്തിലെ കൃത്യനിർവ്വഹണത്തിനൊപ്പം തന്നെ അത്തരമൊരു സമൂഹം ഇവിടെ തുടരുന്നു എന്നുറപ്പുവരുത്താനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടി ജീവനക്കാര്‍ ഏറ്റെടുക്കണം.

ഓരോ മേഖലയിലും കൂടുതൽ മുന്നേറ്റം കൈവരിക്കേണ്ടതായുണ്ട്. അതോടൊപ്പം നമ്മുടെ വികസനരംഗത്തെ ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്. ആ നിലയ്ക്കുള്ള ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. വികസന‑ക്ഷേമ പദ്ധതികളുടെ നിർവ്വഹണതലത്തിൽ പ്രവർത്തിക്കുന്നവർ എന്ന നിലയിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അതിൽ വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ഈ പരിശീലന പരിപാടിയിൽ പങ്കാളികളാകാനും അറിവുകൾ നേടാനും നിങ്ങൾ തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം

നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 0. 7 ശതമാനമാണ് കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത്. വേണമെങ്കിൽ അതിനെ സ്റ്റാറ്റിസ്റ്റിക്കലി ഇൻസിഗ്നിഫിക്കൻഡ് എന്നു പറഞ്ഞു തള്ളിക്കളയാം. എന്നാൽ, സംസ്ഥാന സർക്കാർ ആ ചെറിയ സംഖ്യയെ തന്നെ ഗൗരവമായി കണ്ടുകൊണ്ട് 64,000ൽ അധികം ദരിദ്രകുടുംബങ്ങളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

അവരെക്കൂടി സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കുകയാണ്. അതിന് വരുമാന ലഭ്യത ഉറപ്പാക്കണം, മറ്റ് സാമൂഹിക പിന്തുണകൾ ഉറപ്പാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതിദാരിദ്ര്യനിർമാർജ്ജന പ്രക്രിയയുടെ നിർവ്വഹണ ഏജൻസികളായി ഉപയോഗിക്കുമ്പോൾ തന്നെ അവയ്ക്ക് കരുത്തുപകരാൻ മറ്റു വകുപ്പുകളെക്കൂടി ഉപയോഗപ്പെടുത്തുകയാണ്. ഉദാഹരണത്തിന് അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് വരുമാനം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ ക്ഷീരവികസന വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. അതുപോലെ ഓരോ വകുപ്പിനും ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കാൻ കഴിയും.

ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പിന് സഹായം നൽകാൻ കഴിയും. നിലവിൽ പുതുതായി വരുന്ന സംരംഭങ്ങളിൽ അതിദരിദ്രർക്ക് തൊഴിൽ ലഭ്യമാക്കാനും വ്യവസായ വകുപ്പിനു കഴിയും. ആ കുടുബങ്ങളിലെ പുതിയ തലമുറയുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ — ഉന്നത വിദ്യാഭ്യാസ — സാമൂഹ്യക്ഷേമ — പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വികസന, ന്യൂനപക്ഷക്ഷേമ വകുപ്പുകൾക്ക് കഴിയും. അങ്ങനെ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ദാരിദ്ര്യനിർമ്മാർജ്ജന പ്രക്രിയ സാധ്യമാകുന്നത്. അതാണ് ഞാൻ നേരത്തെ സൂചിപ്പിച്ച പരസ്പര പൂരകത്വം. അതുകൊണ്ടുതന്നെ തന്റെ വകുപ്പുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളൊന്നും ഈ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്നു ചിന്തിച്ചുകൊണ്ട് ഒരു വകുപ്പിനും, ഒരു ഉദ്യോഗസ്ഥനും ഇതിൽ നിന്നും മാറിനിൽക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

 

Eng­lish Sam­mury: Chief Min­is­ter Pinarayi Vijayan address­es Aware­ness pro­gram for employ­ees on Sus­tain­able Devel­op­ment Goals

Exit mobile version