Site iconSite icon Janayugom Online

തുർക്കിയിൽ ‌വിമാനാപകടം: ലിബിയൻ സൈനിക മേധാവി മരിച്ചു

തുർക്കി തലസ്ഥാനമായ അങ്കാറയിൽ വിമാനം തകർന്നുവീണ് ലിബിയയുടെ സൈനിക മേധാവിയടക്കം 7 പേർ മരിച്ചു. ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദ് ആണ് മരിച്ചത്. ഇന്നലെ പ്രാദേശിക സമയം രാത്രി 8:30 നായിരുന്നു അപകടം. സൈനിക മേധാവിയും നാല് ഉദ്യോഗസ്ഥരും മൂന്ന് ക്രൂ അംഗങ്ങളുമാണ് സ്വകാര്യ ജെറ്റിലുണ്ടായിരുന്നത്. പറന്നുയർന്ന് അരമണിക്കൂറിനകം ഹെയ്‌മാന മേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ എല്ലാവരും മരിച്ചതായി തുർക്കി സ്ഥിരീകരിച്ചു.

സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് ലിബിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉന്നതതല പ്രതിരോധ ചർച്ചകൾക്കായാണ് ലിബിയൻ പ്രതിനിധി സംഘം അങ്കാറയിലെത്തിയത്. ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദിന്റെയും നാല് ഉദ്യോഗസ്ഥരുടെയും മരണം ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ‑ഹമീദ് ദ്ബൈബ സ്ഥിരീകരിച്ചു.

രാത്രി 8:30 ന് വിമാനം പറന്നുയർന്നുവെന്നും 40 മിനിറ്റിനുശേഷം ബന്ധം നഷ്ടപ്പെട്ടുവെന്നും തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. എല്ലാ ആശയവിനിമയങ്ങളും നിലയ്ക്കുന്നതിന് മുമ്പ് വിമാനം ഹെയ്‌മാനയ്ക്ക് സമീപം അടിയന്തര ലാൻഡിംഗ് സിഗ്നൽ നൽകിയതായും യെർലികായ പറഞ്ഞു. ലിബിയയിലെ കരസേനാ മേധാവി ജനറൽ അൽ‑ഫിതൂരി ഗ്രൈബിൽ, സൈനിക നിർമാണ അതോറിറ്റി തലവൻ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് അൽ-ഖത്താവി, ചീഫ് ഓഫ് സ്റ്റാഫിന്റെ ഉപദേഷ്ടാവ് മുഹമ്മദ് അൽ-അസാവി ദിയാബ്, ചീഫ് ഓഫ് സ്റ്റാഫിന്റെ ഓഫീസിലെ സൈനിക ഫോട്ടോഗ്രാഫർ മുഹമ്മദ് ഒമർ അഹമ്മദ് മഹ്ജൂബ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് നാല് ഉദ്യോഗസ്ഥർ.

മൂന്ന് ക്രൂ അംഗങ്ങളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഫാൽക്കൺ 50 മോഡൽ ബിസിനസ് ജെറ്റിലാണ് സംഘം സഞ്ചരിച്ചത്. അങ്കാറയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ തെക്കുള്ള ഹെയ്‌മാന ജില്ലയിലെ കെസിക്കാവാക് ഗ്രാമത്തിന് സമീപമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് തുർക്കി ഉദ്യോഗസ്ഥർ പറഞ്ഞു. 

Exit mobile version