ടി20 ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങാനാവാതെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം. പശ്മിശേഷ്യ സംഘർഷത്തെത്തുടർന്ന് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ മുഴുവന്‍ റദ്ദാക്കിയതോടെയാണ് വിന്‍ഡീസ് ടീം ഇന്ത്യയില്‍ കുടുങ്ങിയത്. ഈ സാഹചര്യത്തിൽ നാട്ടിലെത്താൻ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് വിൻഡീസ് സ്പിന്നർ അക്കീൽ ഹൊസൈൻ.
ഈ സാഹചര്യത്തില്‍ വിമാനം അയച്ച് തന്നെ രക്ഷിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ആവശ്യപ്പെടുന്നതാകും നല്ലത്, എന്ന് അക്കീൽ ഹൊസൈൻ എക്‌സിൽ കുറിച്ചു. 24 മണിക്കൂറിനുള്ളിൽ ടീമിനായി ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഇന്നലെ അറിയിച്ചിരുന്നെങ്കിലും, യാത്ര അനിശ്ചിതത്വത്തിലായതോടെയാണ് താരം ഇത്തരമൊരു പ്രതികരണവുമായി എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയോട് അഞ്ച് വിക്കറ്റിന് തോറ്റതോടെയാണ് വെസ്റ്റ് ഇൻഡീസിന്‍റെ ലോകകപ്പ് പോരാട്ടം അവസാനിച്ചത്. നിലവില്‍ ടീം കൊൽക്കത്തയിൽ തന്നെ തുടരുകയാണ്. അന്താരാഷ്ട്ര വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം യാത്ര അതീവ സങ്കീർണ്ണമാണെന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. താരങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഐസിസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബോർഡ് അറിയിച്ചു.

