Site iconSite icon Janayugom Online

പേവിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു

പേവിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. തകഴി പഞ്ചായത്ത് ഒന്നാം വാർഡ് കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീട്ടിൽ ശരത്- ഗീതാകുമാരി മകൻ സൂരജ്(17) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ചൂണ്ടയിടാൻ പോയപ്പോൾ തെരുവുനായയുടെ കടിയേറ്റതായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ സൂരജ് പറഞ്ഞതായി പിതാവ് ശരത് പറഞ്ഞു. മുറിവ് ശ്രദ്ധയിൽപ്പെട്ട് വീട്ടുകാർ വിവരം തിരക്കിയെങ്കിലും മുള്ളുകമ്പികൊണ്ടതാണെന്നാണ് പറഞ്ഞത്. 

കഴിഞ്ഞ ദിവസം പനിയും കാലിൽ വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് സൂരജ് തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പിന്നീടാണ് ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതായി അറിയുന്നത്. ഇവിടെ പ്രതിരോധ കുത്തിവെയ്പ് നടത്തിയെങ്കിലും ഇന്ന് രാവിലെ മരിച്ചു. സൂരജ് മൃഗങ്ങളോട് അടുത്ത് ഇടപഴുകുന്ന സ്വഭാവക്കാരനായിരുന്നെന്ന് പറയുന്നു. കുറച്ചു ദിവസമായി സൂരജ് പിതൃസഹോദരിയുടെ വീട്ടിലായിരുന്നു താമസം.തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സൂരജ്. സഹോദരൻ സഗജ്. മാതാപിതാക്കൾ തകഴിയിൽ ഹോട്ടൽ നടത്തിവരുകയാണ്.

Exit mobile version