Site iconSite icon Janayugom Online

കേന്ദ്രമന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണി; തലകള്‍ ഉരുളും

പ്രതിപക്ഷ ഐക്യത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിലും പാര്‍ട്ടിയിലും വന്‍തോതില്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ അഞ്ചു മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച നടന്നു. തിങ്കളാഴ്ച പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ സമ്പൂര്‍ണ മന്ത്രിസഭാ യോഗം നടക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ഉള്‍പ്പെടെയുളള നേതാക്കള്‍ കഴിഞ്ഞദിവസത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

രാഷ്ട്രീയ‑സംഘടനാ വിഷയങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ ചര്‍ച്ചയായി. എന്നാല്‍ യോഗം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ബിജെപിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടനാ സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, സംസ്ഥാന പാര്‍ട്ടി നേതൃത്വങ്ങളിലെ ചുമതല മാറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും വിലയിരുത്തലുകളും, മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രോഗ്രസ് കാര്‍ഡ്, പ്രതിപക്ഷ ഐക്യം ഉയര്‍ത്തുന്ന വെല്ലുവിളി, പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ തല്‍സ്ഥിതി, പുതിയ പ്രകടന പത്രികയിലെ മുന്‍ഗണനാ ക്രമങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിനെ നേരിടുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം വിളിക്കാനുള്ള തീരുമാനം. അതതു മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പ്രോഗ്രസ് റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തും. ഈ ചര്‍ച്ചകള്‍ അടിസ്ഥാനമാക്കിയാകും മന്ത്രിസഭാ പുനഃസംഘടന.

സംഘ്പരിവാറും പാര്‍ട്ടിയും തമ്മില്‍ പല വിഷയങ്ങളിലും നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. പൊതു തെരഞ്ഞെടുപ്പ് ഏപ്രില്‍-മേയ് മാസങ്ങളില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. രണ്ടാം മോഡി സര്‍ക്കാരിന്റെ കാലാവധി മേയ് 16 നാണ് പൂര്‍ത്തിയാകുക. അടുത്ത മാസം മൂന്നാമത്തെ ആഴ്ചയോടെയാകും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുക. ഡിസംബറില്‍ ശൈത്യകാല സമ്മേളനവും നടക്കും. ഇരു സമ്മേളനങ്ങളിലും പ്രതിപക്ഷവുമായി ഉടക്കി നില്‍ക്കുന്ന പരമാവധി ബില്ലുകള്‍ പാസാക്കാനാകും സര്‍ക്കാര്‍ ഭാഗത്തു നിന്നും നീക്കമുണ്ടാകുക. വര്‍ഗീയ അജണ്ടകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ബില്ലുകളിലൂടെ ഹൈന്ദവ വോട്ട് ബാങ്ക് ഏകീകരണമാണ് ലക്ഷ്യം. ഒപ്പം പ്രതിപക്ഷ ഐക്യം തകര്‍ക്കാനുമുള്ള നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായേക്കും. ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ സജീവമാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: pm modi union cab­i­net reshuffle
You may also like this video

Exit mobile version