Site iconSite icon Janayugom Online

രാജ്യവും ജനങ്ങളും അറിയേണ്ട ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കണം: ബിനോയ് വിശ്വം

ബിജെപി വിജയം കൊണ്ടാടാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തുറന്ന കത്ത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും ഇന്നത്തെ സാഹചര്യത്തില്‍ ചോദിക്കാനുള്ള ഗൗരവമേറിയ ചില രാഷ്ട്രീയ പ്രശ്നങ്ങളാണ് കത്തില്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവിടെയെത്തി പൊതുസമ്മേളനത്തില്‍ ജനങ്ങളോട് സംസാരിക്കുമ്പോള്‍ രാജ്യവും ജനങ്ങളും അറിയാന്‍ അവകാശമുള്ള ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കേണ്ടതുണ്ട്. കേരളത്തില്‍ എത്തുമ്പോള്‍ കുറേക്കാലത്തിന് ശേഷം പ്രധാനമന്ത്രിക്ക് ശുദ്ധവായു ശ്വസിക്കാന്‍ പറ്റും. 11 വര്‍ഷത്തോളമായി ഡല്‍ഹിയിലുള്ള പ്രധാനമന്ത്രിക്കും മന്ത്രിമാരടക്കം ഒരാള്‍ക്കുപോലും ശുദ്ധവായു കിട്ടാറില്ല. ആ മലിന വായു ശ്വസിച്ച് ശ്വാസംമുട്ടുന്ന മോഡിക്ക് കേരളത്തിലെത്തിയാല്‍ ആശ്വാസമുണ്ടാകും. എന്നാല്‍ ഡല്‍ഹിയില്‍ ജീവിക്കുന്ന പൗരന്മാര്‍ക്ക് അവകാശപ്പെട്ട ശുദ്ധവായു ഉറപ്പാക്കാന്‍ എന്തു ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കണം. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിലേറി 45 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഓടിപ്പിടിച്ചെത്തുമ്പോള്‍ മഹാത്ഭുതങ്ങളുടെ മാന്ത്രികന്‍ ഡല്‍ഹിയില്‍ എന്ത് അത്ഭുതം കാണിച്ചുവെന്ന് പറയണം. അവിടെ പരാജയപ്പെട്ട പ്രധാനമന്ത്രി ഇവിടെ വന്ന് മഹാത്ഭുതം കാണിക്കുമെന്ന് അവകാശപ്പെട്ടാല്‍ രാഷ്ട്രീയ ചെപ്പടിവിദ്യയല്ലാതെ മറ്റൊന്നുമല്ല. 

ഒന്നരമാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് എത്തുമെന്ന വാക്ക് പാലിച്ചാണ് മോഡി വരുന്നത്. എന്നാല്‍ ഇതേ മോഡി മണിപ്പൂരില്‍ പോകാന്‍ കാത്തിരുന്നത് 864 ദിവസമാണ്. ഒരു മേയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം ആരംഭിച്ചത്. രണ്ടാം നാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയെന്ന നിലയില്‍ ഞാന്‍ അവിടെ പോയി. എന്നാല്‍ ഉലകം ചുറ്റും വാലിബനായ മോഡി 865-ാമത്തെ ദിവസമാണ് പോയത്. വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന മോഡി സര്‍ക്കാരിന്റെ കീഴില്‍ മണിപ്പൂരില്‍ കുക്കി-മെയ്തി സംഘര്‍ഷത്തില്‍ രണ്ട് ഭാഗത്തും ബിജെപിയും ആര്‍എസ്എസും ഉണ്ടായിരുന്നു. രണ്ട് കൂട്ടരെയും തമ്മിലടിപ്പിച്ചു. ശാന്തമായി ജീവിച്ചുപോന്ന സുന്ദരമായ മണിപ്പൂരിനെ ജീവിക്കാന്‍ കൊള്ളാത്ത മണ്ണാക്കി. മണിപ്പൂരിലെ ജീവിതം അത്രമേല്‍ തകര്‍ന്നിട്ടും പോകാന്‍ മോഡി മനസ് കാണിച്ചില്ല. ദയവായി പ്രധാനമന്ത്രി പറയണം. എന്തുകൊണ്ടാണ് കാത്തുനിന്നതെന്ന്. മോഡിക്ക് പേടിക്കാതെ കേരളത്തില്‍ വരാം. ഇവിടം സുരക്ഷിതമാണ്. മണിപ്പൂരില്‍ പോകാന്‍ ധൈര്യമുണ്ടാകില്ല. 56 ഇഞ്ച് നെഞ്ചളവും നീളമേറിയ നാക്കുമുള്ള പ്രധാനമന്ത്രി, ട്രംപ് ഇന്ത്യക്കുമേല്‍ അടിച്ചേല്പിച്ച താരിഫ് ചുങ്കത്തെപ്പറ്റി പറയണം. മാന്യമായ ഭാഷയിലെങ്കിലും പറയാനുള്ള ചങ്കൂറ്റം കാണിക്കണം, ഈ ധിക്കാരം പറ്റില്ലെന്ന്. നാം ഒരു പരമാധികാര റിപ്പബ്ലിക് ആണെന്നാണ് ഭരണഘടനയില്‍ പറയുന്നത്. ഇന്ത്യയുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ഇന്ത്യക്കാണെന്ന് മോഡിക്ക് പറയാന്‍ ധൈര്യമുണ്ടോ. ഇന്ത്യയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാന്‍ കെല്പില്ലാത്ത 56 ഇഞ്ചും നീളമേറിയ നാക്കുമെല്ലാം പാഴാണ്. അതല്ലെങ്കില്‍ ഇവിടെ വച്ച് പറയാം, ട്രംപ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കരുതെന്ന്. 

വെനസ്വേലയിലെ പ്രസിഡന്റിനെയും ഭാര്യയെയും വീട്ടില്‍ നിന്ന് റാഞ്ചിക്കൊണ്ട് പോയി തടവിലാക്കിയിരിക്കുന്നു. ഇത് ഡിപ്ലോമസിയല്ല. കാട്ടുനീതിയാണ്. ഒരക്ഷരം മിണ്ടാന്‍ പേടിയാണ് പ്രധാനമന്ത്രിക്ക്. മോ‍ഡിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഇവിടെയെങ്കിലും അദ്ദേഹം പറയണം. ഇവിടെയുള്ള ജനങ്ങള്‍ ലോകത്തെ അറിയുന്നവരാണ്, രാഷ്ട്രീയം അറിയുന്നവരാണ്.
വയനാട്ടില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഉണ്ടായത്. പ്രധാനമന്ത്രി എത്തി സ്വന്തം നാട്യപ്രതിഭ കാണിച്ചു. ഒരു കൊച്ചുകുഞ്ഞിനെ ഓമനിച്ചു, ആ ചിത്രം ലോകമെമ്പാടും പ്രചരിപ്പിച്ചു. ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് എന്ന് വാക്ക് തന്നുപോയ പ്രധാനമന്ത്രിയാണ്. പിന്നീട് എന്തുണ്ടായി? വാക്ക് ഒരു വഴിക്കും പ്രവൃത്തി ഒരു വഴിക്കും ആണ്. വാരിക്കോരി നല്‍കുമെന്ന് പറഞ്ഞ വാഗ്ദാനങ്ങളെക്കുറിച്ച് മോഡി ഇവിടെ എത്തുമ്പോള്‍ പറയുമോയെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഗാന്ധിജിയുടെ പേരുള്ളതുകൊണ്ട് കൂടിയാണ് തൊഴിലുറപ്പ് പദ്ധതിയെ മോഡി സര്‍ക്കാര്‍ കൊന്ന് കുഴിച്ചുമൂടിയത്. 40% വിഹിതം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് പറയുന്നത്. നാട്ടിന്‍പുറത്തെ ജീവിതങ്ങളുടെ പ്രകാശം കെടുത്തി തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കിയത് എന്തിനാണെന്ന് മോഡി പറയുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു. 

Exit mobile version