പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് മാറിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയുടെ കാതൽ എൻഇപിയാണ്. അതിന്റെ അടിസ്ഥാനം ആർഎസ്എസിന്റെയും ബിജെപിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണ്. ആർഎസ്എസ് നയങ്ങളെ വിദ്യാഭ്യാസ രംഗത്ത് പിഎം ശ്രീയിലുടെ നടപ്പാക്കുന്നതാണ് എൻഇപി. ആ പദ്ധതിയുടെ ഉള്ളടക്കത്തിൽ ഒപ്പിട്ടുകൊണ്ടാണോ നമ്മൾ പോകുന്നത് എന്നത് വ്യക്തമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൻഇപി അവശ്യഘടകമാണെന്നുണ്ടെങ്കിൽ അതാണ് വ്യവസ്ഥയെങ്കിൽ അക്കാര്യം കേരള സർക്കാർ പലവട്ടം ചിന്തിക്കണം. ഡാർവിന്റെ പരിണാമസിദ്ധാന്തം പോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന ബിജെപി, ചരിത്രം വളച്ചൊടിക്കുന്ന, ശാസ്ത്രത്തെ ഭയപ്പെടുന്ന, അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ഇതിനകത്ത് വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം, വര്‍ഗീയവല്‍ക്കരണം തുടങ്ങി അനവധി വിഷയങ്ങളുണ്ട്. ഇതൊന്നും അറിയാത്ത സര്‍ക്കാരല്ല ഇന്ന് കേരളം ഭരിക്കുന്നത്. കേരളത്തിലെ സര്‍ക്കാരിന് വിദ്യാഭ്യാസമടക്കമുള്ള മൗലികപ്രശ്നങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന ആര്‍എസ്എസ് — ബിജെപി നയങ്ങള്‍ക്കെതിരെ ശക്തമായ നയമുണ്ടാകണം. അത് ഉണ്ടെന്നതാണ് സര്‍ക്കാരിനെ ഇടതുപക്ഷ സര്‍ക്കാരാക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി; പാര്‍ട്ടി നിലപാട് മാറിയിട്ടില്ല: ബിനോയ് വിശ്വം

