വജ്രവ്യാപാരി നീരവ് മോഡിയും അമ്മാവൻ മെഹുൽ ചോക്‌സിയും ഉൾപ്പെട്ട കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്കേസില്‍ കുപ്രസിദ്ധമായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ ഇപ്പോള്‍ കിട്ടുന്നത് രുചികരമായ ഓര്‍ഗാനിക് കാപ്പി. വിവാദമായ കേസിന് പിന്നാലെ പിഎൻബിയുടെ മുംബൈയിലെ ശാഖ മാറ്റുകയും പകരം അവിടെ കഫേ വരികയുമായിരുന്നു. ഇപ്പോള്‍ മനോഹരമായ സംഗീത പശ്ചാത്തലത്തിനൊപ്പം രുചികരമായ കാപ്പി കുടിക്കാനെത്തുന്നവരുടെ തിരക്കാണ് കാണാൻ കഴിയുന്നത്.
13,000 കോടി രൂപ വായ്പയെടുത്ത് മെഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോഡിയും തിരിച്ചടയ്ക്കാതെ രാജ്യം വിട്ടതോടെയാണ് പഞ്ചാബ് ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖ വാര്‍ത്തകളില്‍ നിറയുന്നത്. കിട്ടാക്കടം ബാങ്കിന് മേലുള്ള വിശ്വാസ്യതയ്ക്കും കളങ്കും വരുത്തി. ഇതോടെ ശാഖയുടെ പ്രവര്‍ത്തനം സർ പിഎം റോഡിലെ പിഎൻബി ഹൗസിലേക്ക് മാറ്റി. പിന്നാലെ ഇവിടെ കഫേ വരികയുമായിരുന്നു.
കഴിഞ്ഞ ദിവസം മെഹുല്‍ ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബ്രാഡി ഹൗസ് വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയത്. ഇതോടെ കഫേ ഇരിക്കുന്ന സ്ഥലത്തോട് കൗതകം തോന്നി നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്.
ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെല്‍ജിയത്തില്‍ താമസിച്ചുവരികയായിരുന്നു ചോക്സിയെ ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുകയാണ് നീരവ് മോഡി.

