പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നൃത്ത സംവിധായകന്‍ ജാനി മാസ്റ്ററുടെ ദേശീയ പുരസ്കാരം റദ്ദാക്കി. ലൈംഗികാരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അവാര്‍ഡ് റദ്ദാക്കുന്നതായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അറിയിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാനി മാസ്റ്ററിന് നല്‍കിയ ക്ഷണവും പിന്‍വലിച്ചു. ധനുഷ് നായകനായ തിരുചിത്രമ്പലം എന്ന ചിത്രത്തിലെ നൃത്തസംവിധാനത്തിനാണ് 2022 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ജാനി മാസ്റ്ററിന് ലഭിച്ചത്. കേസിന് ഒരു മാസം മുമ്പായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 19ന് ഗോവയില്‍ വച്ചാണ് ജാനി മാസ്റ്റര്‍ അറസ്റ്റിലായത്. ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ പല ലോക്കേഷനുകളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.