കാണാതായ മകനെ തേടിയുള്ള അന്വേഷണത്തിലും അലച്ചിലിലുമായിരുന്നു ആ പിതാവ്. ഒടുവിൽ ആ കണ്ണീര് ആഹ്ലാദത്തിന് വഴി മാറിയ മുഹൂർത്തത്തിന് ടൗൺ പൊലീസ് സ്റ്റേഷൻ സാക്ഷ്യം വഹിച്ചു. ഒരു വർഷമായി കാണാതായ മകനെ തിരിച്ചുകിട്ടിയപ്പോൾ പിതാവിന്റെ സന്തോഷം അണപൊട്ടി. പൊലീസിന്റെ ജാഗ്രതയും കരുതലുമാണ് ഈ അവസ്മരണീയ പുനസമാഗമത്തിന് കാരണമായത്. മാതാപിതാക്കളുടെ കാത്തിരിപ്പിനും ഇതോടെ അവസാനമായി.
കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ടൗൺ പൊലീസ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി യുവാവിനെ കാണുന്നത്. ചോദ്യം ചെയ്തപ്പോൾ കല്ലാച്ചി സ്വദേശി ഋഷിരാജ് ആണെന്ന് മനസ്സിലായി.
അഞ്ചു വർഷം മുമ്പ് ഗൾഫിൽ ജോലിയ്ക്ക് പോയ ഇദ്ദേഹം നാലു വർഷം അവിടെ ജോലി ചെയ്തു. ഒരു വർഷം മുമ്പ് പാസ്പോർട്ടും വിസയുമായി ബന്ധപ്പെട്ട സാങ്കേതികത്വത്തിൽ പത്ത് ദിവസത്തോളം ഗൾഫിയിൽ ജയിലിൽ കഴിഞ്ഞു. തുടർന്ന് മുംബൈയിലെത്തിയ യുവാവ് പിന്നീട് ചെന്നൈ, പാലക്കാട്, കോഴിക്കോട് എന്നിവടങ്ങളിലെല്ലാം കൂലിപ്പണികൾ ചെയ്തു. തെരുവിൽ കഴിഞ്ഞിരുന്ന യുവാവ് ഈ അവസ്ഥയിൽ വീട്ടിൽ പോകാൻ കഴിയില്ലെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് എ എസ് ഐ ബിജു മോഹൻ കല്ലാച്ചിയിലുള്ള ഋഷിരാജിന്റെ അയൽവാസിയെ കണ്ടെത്തി. അതുവഴി ഇയാളുടെ പിതാവിനെ വിളിച്ച് സംസാരിച്ചു. ഒരു വർഷത്തോളമായി മകനെ കാണാത്തതിൽ നോർക്കയിലും മുഖ്യമന്ത്രിയ്ക്കും പൊലീസിലുമെല്ലാം പരാതി നൽകി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷയറ്റ നിമിഷത്തിലാണ് ടൗൺ പൊലീസിൽ നിന്നും വിളി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് രാത്രി 12 മണിയോടെ സ്റ്റേഷനിൽ എത്തിയ പിതാവിന്റെയും കുടുംബാംഗങ്ങളുടെയും കൂടെ ടൗൺ പോലീസ് എസ് ഐ മുരളീധരൻ, എ എസ് ഐ വിജയമോഹൻ സി പിഒ മാരായ ഉല്ലാസ്, പ്രജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഋഷി രാജിനെ വീട്ടിലേക്ക് യാത്രയാക്കി.