Site iconSite icon Janayugom Online

‘ഏപ്രിൽ ഫൂളി‘ൽ പൊലിസിനെ കബളിപ്പിച്ചു; റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരെ കേസ്

ഏപ്രിൽ ഫൂൾ, പോലീസിനെ കബളിപ്പിച്ച റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗത്തിനെതിരെ കേസെടുത്തു. കാരിക്കോട് ചെമ്മഞ്ചി നടുപ്പറമ്പിൽ ഗംഗാധരൻ നായർ(67)ക്കെതിരെയാണ് വെള്ളൂർ പൊലീസ് കേസെടുത്തത്. ഒന്നാം തീയതി വെളുപ്പിന് 2.15 ന് ഗംഗാധരൻ നായർ വെള്ളൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് തന്റെ വീടിനുനേർക്ക് ആരോ കല്ലെറിയുകയാണ് എന്ന് അറിയിക്കുകയായിരുന്നു. താനും ഭാര്യയും മാത്രമാണ് ഇവിടെ താമസം എന്നും അതിനാൽ ഉടൻ എത്തണമെന്നും പറഞ്ഞാണ് ഗംഗാധരൻ നായർ പൊലീസിനെ വിളിച്ചത്. ഉടൻ തന്നെ എസ്ഐ എബിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. വീടിന് സമീപം എത്തിയപ്പോൾ വീടിന്റെ കൃത്യമായ ലൊക്കേഷൻ ചോദിച്ചു വീണ്ടും പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് ഏപ്രിൽ ഫൂൾ ആണെന്നും പറ്റിച്ചതാണെന്നും ഗംഗാധരന്‍ നായര്‍ പറഞ്ഞത്. ‘നിങ്ങൾ മാത്രമേ ഇത് വിശ്വസിക്കൂ’ എന്നും പൊലീസിനോട് പറഞ്ഞു. 

തിരികെപ്പോന്ന പൊലീസ് ഇദ്ദേഹത്തെ രാവിലെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയായിരുന്നു. പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ സർവീസുകളെ കബളിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്. തുടര്‍ന്ന് പൊലീസ് ആക്ട് 118 ബി പ്രകാരം കേസെടുത്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 10,000 രൂപ പിഴയും 6 മാസം തടവുമാണ് ശിക്ഷയെന്ന് വെള്ളൂർ എസ് ഐ ശിവദാസ് പറഞ്ഞു.

Exit mobile version