Site iconSite icon Janayugom Online

അയ്യപ്പസംഗമത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് വിശ്വാസികളെ അപമാനിക്കൽ; രാജീവ് ചന്ദ്രശേഖറിന് അറിവില്ലായ്മയും അജ്ഞതയുമെന്ന് മന്ത്രി വി ശിവൻകുട്ടി

ആഗോള അയ്യപ്പസംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖറിൻറെ പ്രസ്താവനകൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും ശിവൻകുട്ടി പറഞ്ഞു. വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്നതാണ് ആഗോള അയ്യപ്പ സംഗമം. തത്വമസി എന്ന ദർശനത്തിൻറെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് വിശ്വാസി സമൂഹം ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ച് മുന്നോട്ട് പോകുകയാണ്. രാജീവ് ചന്ദ്രശേഖറിൻറെ ഇത്തരം പ്രസ്താവനകൾ അദ്ദേഹത്തിൻറെ അറിവില്ലായ്മയെയും കേരളത്തിലെ സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള അജ്ഞതെയുമാണ് തുറന്നുകാട്ടുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ അയ്യപ്പസംഗമത്തെ ഒരു രാഷ്ട്രീയ നാടകമായി ചിത്രീകരിക്കുന്നത് വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണ്. പിണറായി വിജയൻ വർഷങ്ങളായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്യുന്ന നേതാവാണെന്നും മുഖ്യമന്ത്രിക്ക് കേരളത്തെക്കുറിച്ചോ സാധാരണ ജനങ്ങളെക്കുറിച്ചോ ഒന്നും അറിയില്ലെന്ന് രാജീവ് ചന്ദ്രശേഖറിൻറെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. അയ്യപ്പ സംഗമത്തെയും സുവർണാവസരമായി കരുതുന്ന രാജീവ് ചന്ദ്രശേഖർ മലർപ്പൊടിക്കാരന്റെ ദിവാ സ്വപ്നമാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Exit mobile version