Site iconSite icon Janayugom Online

മലിനീകരണ നിയന്ത്രണം: കേന്ദ്രം കോടികള്‍ പാഴാക്കി

രാജ്യം വായുമലിനീകരണം അടക്കമുള്ള ഗുരുതര പ്രശ്നങ്ങള്‍ അഭിമുഖീകരിക്കെ മലിനീകരണ നിയന്ത്രണത്തിനായി അനുവദിച്ച തുക ഏകദേശം പൂര്‍ണമായും പാഴാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ആകെ വിനിയോഗിച്ചത് വകയിരുത്തിയതിലെ ഒരുശതമാനത്തിലും താഴെ തുക. 2024–25ല്‍ ബജറ്റില്‍ നീക്കിവച്ച 858 കോടിയില്‍ കേവലം 7.22 കോടി മാത്രമാണ് വിനിയോഗിച്ചതെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച മന്ത്രാലയം റിപ്പോര്‍ട്ട് പറയുന്നു.

പരിസ്ഥിതി മന്ത്രാലയം പാര്‍ലമെന്ററി സമിതി ഫണ്ട് വിനിയോഗത്തിലെ ചെലവഴിക്കലില്‍ നടുക്കം രേഖപ്പെടുത്തി. രാജ്യം അതീവ ഗുരുതരമായ വായു-ജല മലിനീകരണം അഭിമുഖീകരിക്കുമ്പോള്‍ ബജറ്റ് വിഹിതം പോലും വിനിയോഗിക്കാത്ത മന്ത്രാലയത്തിന്റെ നടപടി അക്ഷന്ത്യവമായ കൃത്യവിലോപമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോടിക്കണക്കിന് രൂപ പാഴാക്കുന്ന മന്ത്രാലയം നടപടി കടുത്ത അനീതിയാണ്. 

2025–26 ലേക്കുള്ള പദ്ധതി അംഗീകാരം കാത്തിരിക്കുന്ന സമയത്തുള്ള ഫണ്ട് വിനിയോഗത്തിലെ അപാകം വരുംവര്‍ഷങ്ങളിലെ മലിനീകരണ നിയന്ത്രണ പദ്ധതികളെ പ്രതികൂലമായി ബാധിക്കും. വായുമലിനീകരണം കാരണം രാജ്യത്ത് ജനങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രാലയം ആത്മപരിശോധന നടത്തണം. വായു, ജല, ശബ്ദ മലിനീകരണവും അവയുടെ ഗുണനിലവാരവും നിരീക്ഷിക്കുന്നതിനും 2018 മുതല്‍ ആരംഭിച്ച മലിനീകരണ നിയന്ത്രണ പദ്ധതിയാണ് തകിടം മറിഞ്ഞത്. 

കേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രം (എന്‍സിഎപി) അനുസരിച്ച് 2026ല്‍ നഗരങ്ങളില്‍ മലിനീകരണത്തോത് 10 പിഎം ആയി കുറയ്ക്കാനുള്ള ശ്രമം വിജയകരമാക്കുന്നതില്‍ പരിസ്ഥിതി മന്ത്രാലയം വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതികളുടെ അനുമതി വൈകുന്നതാണ് ഫണ്ട് വിനിയോഗത്തിന് വിഘാതം സൃഷ്ടിച്ചതെന്നാണ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
പരിസ്ഥിതി മന്ത്രാലയത്തിന് ആകെ അനുവദിച്ച 1,712.48 കോടി രൂപയില്‍ ഈ വര്‍ഷം ജനുവരി 31 വരെ 54 ശതമാനം തുക മാത്രമാണ് ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Exit mobile version