വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരാഘോഷം തുടരുന്നു. ആവേശം പകര്‍ന്ന കുടമാറ്റത്തിന് സമാപനമായി. ഇനിയുള്ള കാത്തിരിപ്പ് പുലര്‍ച്ചെയുള്ള പൂരം വെടിക്കെട്ടിനാണ്. മാനത്തെ പൂരം കാണാന്‍ പൂരപ്രേമികള്‍ തേക്കിന്‍കാടിന് ചുറ്റും വലയം തീര്‍ക്കാന്‍ തുടങ്ങിക്കഴിഞ്ഞു.
പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് തൃശ്ശൂർ പൂരത്തിനാരംഭം കുറിച്ചത്. പിറകെ ഘടകപൂരങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തി. ഇതേ സമയത്ത് മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട മേളം നടന്നു. പൂരത്തിന്റെ പ്രധാന ആകർഷണമായ ഇലഞ്ഞിത്തറമേളം വടക്കുന്നാഥന് മുന്നില്‍ ആവേശമായി. തുടര്‍ന്ന് തെക്കേ ഗോപുരനടയില്‍ കുടമാറ്റം ആരംഭിച്ചു.
അന്തിച്ചൂടിനെയും ഇളംവെയിലിനെയും മറച്ചുകൊണ്ടുള്ള പൂരക്കുടയ്ക്കടിയില്‍ പുരുഷാരം കുടമാറ്റം കണ്ട് നിര്‍വൃതിയടഞ്ഞു. കൈലാസനാഥനും ഗുരുവായൂപ്പനും മലബാര്‍ പടയണിയും രാമച്ച ഗണപതിയുമെല്ലാം ആനപ്പുറത്ത് കുടകളായി വിരിഞ്ഞു. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കട്ടൗട്ടും ഇക്കുറി കുടയായി ആനപ്പുറത്തെത്തി.
വിശ്വശ്വവിഖ്യാതമായ കുടമാറ്റം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പുകള്‍ തിരുവമ്പാടിയിലേക്കും പാറമേക്കാവിലേക്കും മടങ്ങി. ഇനി അര്‍ധരാത്രിയോടെ ഘടക പൂരങ്ങള്‍ ആവര്‍ത്തിക്കും. പകല്‍പ്പൂരവും കഴിഞ്ഞ് നാളെ ഉച്ചയോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് പരിസമാപ്തിയാവും.
English Sammury: thrissur pooram kudamattam 2023