എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് ഒരു സംസ്കൃത കാവ്യത്തിന്റെ സ്വതന്ത്ര തർജമയാണെന്നുള്ളത് ഏവർക്കും അറിയാം. സംസ്കൃതത്തിലെ അധ്യാത്മരാമായണത്തിൽ ബാലകാണ്ഡം ഒന്നാം സർഗത്തിൽ ‘രാമഹൃദയം’ എന്ന പേരിലൊരു ഭാഗമുണ്ട്. പരമേശ്വരൻ പാർവതീദേവിക്ക് ഉപദേശിക്കുന്ന തത്വമന്ത്രങ്ങളുടെ സംഗ്രഹമാണ് രാമഹൃദയം. അതിന്റെ ഉപസംഹാര ഭാഗത്ത് ആ മന്ത്രസംഹിത മനഃപാഠമാക്കി നിത്യവും ഉരുക്കഴിച്ചാൽ സിദ്ധിക്കുന്ന ഫലശ്രുതിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതേക്കുറിച്ചുള്ള ചില വിമർശനാത്മക വിശകലനങ്ങളാണ് ഇവിടെ പങ്കിടുന്നത്. ഫലശ്രുതിയിൽ പറയുന്നത് ഇങ്ങനെയാണ്: ‘ബ്രഹ്മഹത്യാദി പാപാനി ബഹുജന്മാർജിതാന്യപി\നശ്യന്ത്യേവ ന സന്ദേഹോ രാമസ്യ വചനം യഥാ”. ‘ഈ ശ്രീരാമഹൃദയം ഭക്തിപൂർവം പഠിക്കുന്നവരുടെ പൂർവജന്മങ്ങളിൽ ചെയ്തുവച്ച ബ്രഹ്മഹത്യാദി പാപങ്ങൾ കൂടി ഇല്ലാതാകുമെന്ന് തീർച്ചയാണ്’ എന്നർത്ഥം.
ഈ ഫലശ്രുതി വാക്യത്തിലെ ചിന്താർഹമായ കാര്യം ബ്രാഹ്മണരെ കൊന്നാലുണ്ടാകാവുന്ന പാപം പോലും രാമഹൃദയ മന്ത്രജപത്താൽ പാടേ തീർന്നുപോകും എന്നതാണ്. ഈ പ്രസ്താവന പല പ്രകാരത്തിൽ ഗുരുതര സ്വഭാവമുള്ളതാണ്. മനു മുതൽ കൗടില്യൻ വരെയുള്ള വൈദികധർമ്മ ഭരണവ്യവസ്ഥയിൽ മാപ്പർഹിക്കാത്ത മഹാപാപമാണ് വേദനിന്ദനവും ബ്രാഹ്മണഹത്യയും. ഇസ്ലാമിക രാജ്യങ്ങളിൽ ഖുർആൻ നിന്ദനവും നബി നിന്ദനവും എത്രത്തോളം ഗുരുതരമായ കുറ്റകൃത്യമാണോ അത്രത്തോളം ഗുരുതരമായ കുറ്റകൃത്യമാണ് മനുസ്മൃതിയിൽ ഇവ രണ്ടും. ബ്രാഹ്മണഹത്യ എന്ന മഹാപാപത്തിന് പരിഹാരകർമ്മങ്ങൾ മനു ഉൾപ്പെടെയുള്ള സ്മൃതികാരന്മാർ പറഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഏതു ബ്രഹ്മഹത്യ ചെയ്തയാളും രാമഹൃദയം പഠിച്ചു ജപിച്ചാൽ പാപമോചിതനാകും എന്ന അധ്യാത്മരാമായണ പ്രസ്താവന അത്യന്തം വിപ്ലവ സ്വഭാവമുള്ളതാകുന്നത്. ഇതിഹാസ പുരാണാദികൾ അതിന്റെ നാടോടി ഗോത്ര ചരിത്ര സ്വഭാവത്താൽ തന്നെ ജനകീയമായി തീർന്ന സംസ്കൃത സാഹിത്യരൂപമാണ്. അത് സവർണർക്ക് എന്നല്ല അവർണർക്കും പഠിക്കാം. ഇതിഹാസ പുരാണാദികളുടെ ഈ ജനകീയ ബഹുസ്വര സ്വഭാവം തന്നെയാണ് ബ്രാഹ്മണ മേൽക്കോയ്മാപരമായ ചാതുർവർണ്യ വ്യവസ്ഥയിൽ മാപ്പില്ലാത്ത മഹാപാപമായി കണ്ട, ബ്രഹ്മഹത്യക്കും രാമഹൃദയ മന്ത്രജപം തക്കതായ പരിഹാരമേകും എന്നു പറയാനുള്ള അധികാര ശക്തിയായി തീർന്നിരിക്കുന്നത്.
ഇതുകൂടി വായിക്കൂ:അധ്യാത്മ രാമനും മാനവ രാമനും
ഇത് സശ്രദ്ധം മനസിലാക്കിയാലേ ചാതുർവർണ്യ വ്യവസ്ഥയുടെ പ്രചാരണ പുസ്തകങ്ങൾ മാത്രമല്ല രാമായണാദി ഇതിഹാസ പുരാണങ്ങളെന്ന് തിരിച്ചറിയാനാകൂ. ബ്രാഹ്മണരെക്കൊന്നാലും രാമഹൃദയം ജപിച്ചു പാപമുക്തി നേടാം എന്ന് തറപ്പിച്ചു പറയുന്ന അധ്യാത്മ രാമായണാദി പുരാണ ഗ്രന്ഥങ്ങളെയും അവയെ ആശ്രയിച്ച് രൂപപ്പെട്ട രാമഭക്തിയെയും, ആര്യസമാജ സ്ഥാപകനായ ദയാനന്ദ സരസ്വതി ഉന്മൂലനം ചെയ്യേണ്ട ദുർമ്മതങ്ങളായാണ് കണ്ടിരുന്നത്. പുരാണ മതത്തെ എതിർക്കാൻ ദയാനന്ദ സരസ്വതി തയ്യാറായത് ബ്രാഹ്മണഹത്യ പരിഹാരമില്ലാത്ത മഹാപാപവും മാപ്പർഹിക്കാത്ത കുറ്റകൃത്യവുമായിത്തന്നെ നിലനിൽക്കണം എന്ന വൈദിക മത കാർക്കശ്യം (മനുസ്മൃതിയാണ് മാതൃകാ ഭരണഘടന എന്ന വിശ്വാസം) അദ്ദേഹത്തെ ഭരിച്ചിരുന്നു എന്നതുകൊണ്ടാണ്. മനുസ്മൃതി ഭരണം നടത്തുന്ന ബോധോപബോധങ്ങളോടു കൂടിയവർക്ക്-അവർ ഗൃഹസ്ഥരായാലും സന്യാസിമാരായാലും- ബ്രാഹ്മണരെ കൊന്നാലും രാമഹൃദയം ജപിച്ചു പാപമുക്തി നേടാം എന്ന ഉറപ്പ് ജനങ്ങൾക്ക് പകരുന്ന ഇതിഹാസ പുരാണങ്ങളെയും രാമ‑കൃഷ്ണ‑ശിവ‑പാർവതിമാരുടെ ചരിതങ്ങളിലൂന്നിയ ഭക്തിയെയും ഒന്നും പ്രാമാണികമായി കണ്ട് ബഹുമാനിക്കാനാവില്ല.